പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ പുതുച്ചേരിയുടെ പുതിയ ലെഫ്റ്റനന്റ് ഗവർണർ. കോഴിക്കോട് ജില്ലയിലെ വടകര സ്വദേശിയും 1979 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ.
കൈലാഷ്‍നാഥനെയാണ് പുതുച്ചേരി ലഫ്. ഗവർണറായി നിയമിച്ചത്. രാജസ്ഥാൻ, തെലങ്കാന, സിക്കിം, ഝാർഖണ്ഡ്, ഛത്തീസ്ഗഢ്, മേഘാലയ, മഹാരാഷ്ട്ര, പഞ്ചാബ്-ചണ്ഡീഗഢ്, അസം, പുതുച്ചേരി എന്നിവിടങ്ങളില്‍ പുതിയ ഗവർമർമാരെ നിയമിച്ചാണ് രാഷ്ട്രപതി ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനായാണ് കൈലാഷ്‍നാഥ് അറിയപ്പെടുന്നത്. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ചീഫ് പ്രിൻസിപ്പല്‍ സെക്രട്ടറിയായിരുന്നു. പിന്നീട് ആനന്ദി ബെൻ പാട്ടീല്‍, വിജയ് രൂപാണി, ഭൂപേന്ദ്രഭായ് പട്ടേല്‍ എന്നിങ്ങനെ നാലു മുഖ്യമന്ത്രിമാരുടെ പ്രിൻസിപ്പല്‍ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
ഹരിഭാഹു കിസൻറാവു ബാഗ്‌ഡെയാണ് രാജസ്ഥാൻ ഗവർണർ. ജിഷ്ണു ദേവ് വർമയെ തെലങ്കാന ഗവർണറായും ഓം പ്രകാശ് മാത്തൂറിനെ സിക്കിമിലും സന്തോഷ് കുമാർ ഗാങ്‌വാറിനെ ഝാർഖണ്ഡിലും രമണ്‍ ദേകയെ ഛത്തീസ്ഗഢിലും ഗവർണറായി നിയമിച്ചു. മേഘാലയ ഗവർണറായി സി.എച്ച്. വിജയശങ്കറിനെയും, സി.പി. രാധാകൃഷ്ണനെ മഹാരാഷ്ട്രയുടെയും പുതിയ ഗവർണറാക്കും. ഗുലാബ് ചന്ദ് കഠാരിയയെ പഞ്ചാബ് ഗവർണറായും ചണ്ഡീഗഢ് അഡ്മിനിസ്‌ട്രേറ്ററായും നിയമിച്ചു. ലക്ഷ്മണ്‍ പ്രസാദ് ആചാര്യയാണ് അസം ഗവർണർ. ഇദ്ദേഹത്തിന് മണിപ്പുർ ഗവർണറുടെ അധികചുമതലയും നല്‍കിയിട്ടുണ്ട്.