‘മൊഴിയിൽ ഇല്ലാത്തവരെയും ഭീഷണിപ്പെടുത്തുന്നു’, പ്രത്യേക അന്വേഷണ സംഘത്തിനെതിരെ മാല പാർവ്വതി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിനെതിരെ നടി മാല പാര്‍വ്വതി. കേസില്ലെന്ന് മൊഴി നല്‍കിയിട്ടും എസ്‌ഐടി കേസുമായി മുന്നോട്ട് പോവുകയാണെന്നും തന്റെ മൊഴിയില്‍ ഇല്ലാത്ത ആളുകളെ വിളിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും മാല പാര്‍വ്വതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കേസുകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് മാല പാര്‍വ്വതി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. മാല പാര്‍വ്വതിയുടെ വാക്കുകള്‍: ‘ സിനിമയില്‍ പലതരം നിയമങ്ങള്‍ വരേണ്ടതുണ്ട്, സുരക്ഷിതമായ അന്തരീക്ഷം ഉണ്ടാകേണ്ടതുണ്ട്. അതിനൊക്കെ വേണ്ടിയാണ് ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്തത്. ഇത് രഹസ്യ സ്വഭാവം ഉളളതാണെന്നും ഇതിന്റെ പേരില്‍ മറ്റുളളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും പറഞ്ഞിരുന്നു.

നമുക്ക് അനുഭവം ഇല്ലാത്തതും എന്നാല്‍ സ്വകാര്യ സംഭാഷണത്തില്‍ കേട്ടതുമായ കാര്യങ്ങള്‍ അവരുടെ പേര് രേഖപ്പെടുത്തരുത് എന്ന് പറഞ്ഞ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അവരുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം അറിയുന്നത് എസ് ഐ ടി വിളിപ്പിക്കുമ്പോഴാണ്. എന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ 2 എഫ് ഐ ആര്‍ ഇട്ടിട്ടുണ്ടെന്ന് പറഞ്ഞു. അത് വായിച്ചപ്പോള്‍ ഞെട്ടിപ്പോയി. ഞാന്‍ നല്‍കിയ മൊഴിയിലെ പെണ്‍കുട്ടിയുടെ പേര് അതിലുണ്ട്. ആ പെണ്‍കുട്ടിയെ അപ്പോള്‍ തന്നെ വിളിച്ച് സംസാരിച്ചപ്പോള്‍ പേര് ഒഴിവാക്കണമെന്നും കേസില്ലെന്നും പറഞ്ഞു. അതുകൊണ്ട് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ കേസാക്കരുത് എന്നും ഇത് പഠനാവശ്യത്തിന് നല്‍കിയ വിവരങ്ങളാണ് എന്നും എസ് ഐ ടിക്ക് മൊഴി നല്‍കി.

അതിനിടെ സഹപ്രവര്‍ത്തകനായ ഒരു ഫോട്ടോഗ്രാഫര്‍ വിളിച്ച് സിനിമയിലെ എനിക്ക് വളരെ അടുപ്പമുളള ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയ അലക്‌സ് വളരെ വിഷമത്തിലാണ് എന്നും ചേച്ചി അലക്‌സിനെതിരെ പരാതി പറഞ്ഞോ എന്നും ചോദിച്ചു. എന്തെങ്കിലും പ്രശ്‌നം വന്നാല്‍ നമുക്ക് വിളിക്കാവുന്ന തരത്തിലുളള ഒരാളാണ് അലക്‌സ്. അത്തരത്തിലൊരാളെ എസ് ഐ വിളിച്ച് ഹരാസ് ചെയ്യുന്ന തരത്തില്‍ ചോദ്യം ചെയ്തു

ഇത് വലിയ ധര്‍മ്മ സങ്കടമുളള കാര്യമാണ്. എന്റെ പ്രശ്‌നം എത്ര രൂക്ഷമായത് ആണെങ്കിലും അതിനേക്കാളും വലുതാണ് നിരപരാധിയായ ഒരാളെ ഞാന്‍ മുഖേന ആരോപണത്തില്‍ നിര്‍ത്തുന്നതും അവരെ ഉപദ്രവിക്കുന്നതും. നിരപരാധിയായ ഒരാളെ അപമാനിക്കുന്നതിന്റെ അത്രയും വലിയ പ്രശ്‌നമില്ല ഞാന്‍ അനുഭവിച്ച കാര്യങ്ങള്‍ക്ക്. എസ് ഐ ടി അത്ര അപമാനകരമായ തരത്തില്‍ ഭീഷണിപ്പെടുത്തുന്നത് പോലെ സംസാരിച്ചു എന്നാണ് അറിഞ്ഞത്. മറ്റാരൊക്കെയാണ് എസ് ഐ ടി വിളിച്ചത് എന്ന് അറിയില്ല. അലക്‌സിന്റെ പേര് ഞാന്‍ പറഞ്ഞിട്ടില്ല. എനിക്ക് കേസില്ല എന്ന് പറഞ്ഞ സാഹചര്യത്തില്‍ എസ് ഐ ടി എടുത്ത കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്ലാത്തവരെ വെറുതെ വിടണം, മാല പാര്‍വ്വതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *