ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരുടെ ലിസ്റ്റെടുത്താല്‍ ബ്രസീലിന്റെ മുന്‍ ഇതിഹാസ താരം റോബര്‍ട്ടോ കാര്‍ലോസിനെ നമുക്കു തീര്‍ച്ചയായും അവിടെ കാണാന്‍ സാധിക്കും.
അന്താരാഷ്ട്ര ഫുട്‌ബോളിലും വിവിധ ക്ലബ്ബുകള്‍ക്കു വേണ്ടിയും പല ശ്രദ്ധേയമായ പ്രകടനങ്ങളും അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. മൈതാനത്തു താന്‍ നേരിട്ടത്തില്‍ വച്ച് ഏറ്റവും കടുപ്പമേറിയ എതിരാളി ഏതു താരമാണെന്നു കാര്‍ലോസ് ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.
ആധുനിക ഫുട്‌ബോളിലെ ഇതിഹാസമായ അര്‍ജന്റൈന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയടക്കമുള്ളവരെ സമര്‍ഥമായി പിടിച്ചു നിര്‍ത്താന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തിട്ടുണ്ട്. പോര്‍ച്ചുഗലിന്റെ മുന്‍ ഇതിഹാസ മിഡ്ഫീല്‍ഡറും ക്യാപ്റ്റനുമായിരുന്ന ലൂയിസ് ഫിഗോയാണ് തന്നെ ഏറ്റവുമധികം വെള്ളം കുടിപ്പിച്ച താരമെന്നാണ് കാര്‍ലോസ് തുറന്നു പറഞ്ഞത്.
സ്പാനിഷ് വമ്ബന്‍മാരായ റയല്‍ മാഡ്രിഡിനു വേണ്ടി അദ്ദേഹം കളിച്ചപ്പോള്‍ ബാഴ്‌സലോണ ടീമിനൊപ്പം ഫിഗോയുണ്ടായിരുന്നു. പിന്നീട് റയലിനു വേണ്ടി കാര്‍ലോസും ഫിഗോയും ഒരുമിച്ചു കളിക്കുകയും നിരവധി കിരീട വിജയങ്ങളില്‍ പങ്കാളികളാവുകയും ചെയ്തു. ബാഴ്‌സയ്ക്കു വേണ്ടി 172 മല്‍സരങ്ങളില്‍ നിന്നും 30 ഗോളുകളടിച്ച ഫിഗോ റയലിനായി 164 മല്‍സരങ്ങളില്‍ നിന്നും 30 ഗോളുകളും സ്‌കോര്‍ ചെയ്തു.
ഫിഗോ ബെസ്റ്റ്
ഗോള്‍ ഡോട്ട് കോമിനോടു സംസാരിക്കവെയാണ് ഇതു വരെ താന്‍ നേരിട്ടതില്‍ വച്ച് ഏറ്റവും കടുപ്പമേറിയ എതിരാളിയായി ലൂയിസ് ഫിഗോയെ റോബര്‍ട്ടോ കാര്‍ലോസ് തിരഞ്ഞെടുത്തത്. പവേല്‍ നെദ്വെവെദോ തിയറി ഹെന്‍ട്രിയോ ആണോ കടുപ്പമെന്നായിരുന്നു ആദ്യത്തെ ചോദ്യം. ഹെന്‍ട്രിയെന്നായിരുന്നു ഫിഗോയുടെ മറുപടി.
ഹെന്‍ട്രിയോ, ഫിഗോയോ എന്നായിരുന്നു അടുത്ത ചോദ്യം. ഫിഗോയെന്നായിരുന്നു കാര്‍ലോസ് നല്‍കിയ ഉത്തരം. തുടര്‍ന്ന് ജോക്വിന്‍, സാമുവല്‍ എറ്റു, നെയ്മര്‍, ഡെന്നിസ് ബെര്‍കാംപ്, സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച്, ഫ്രാന്‍സെസ്‌കോ ടോട്ടി, ഡേവിഡ് വിയ്യ, അലെക്‌സാണ്ട്രെ ഡെല്‍പിയറോ, റൊണാള്‍ഡോ, ലയണല്‍ മെസ്സി, റൊണാള്‍ഡീഞ്ഞോ എന്നിവരുടെ പേരുകളെല്ലാം ഫിഗോയ്‌ക്കൊപ്പം ഓപ്ഷനുകളായി നല്‍കിയെങ്കിലും എല്ലാത്തിനും ഫിഗോയെന്നായിരുന്നു കാര്‍ലോസിന്റെ ഉത്തരം.
റയലിന്റെ ഇതിഹാസ താരമെന്നു വിശേഷിപ്പിക്കാവുന്ന താരമായിരുന്നു കാര്‍ലോസ്. വിവിധ ടൂര്‍ണമെന്റുകളിലായി അവര്‍ക്കു വേണ്ടി അദ്ദേഹം കളിച്ചിട്ടുള്ളത് 372 മല്‍സരങ്ങളാണ്. ഇവയില്‍ 48 ഗോളുകള്‍ സ്‌കോര്‍ ചെയ്ത കാര്‍ലോസ് 115 അസിസ്റ്റുകളും നല്‍കിയിട്ടുണ്ട്.
1996 മുതല്‍ 2007 വരെ അദ്ദേഹം റയലിന്റെ ഭാഗമായിരുന്നു. പിന്നീട് ഫെനര്‍ബാച്ചെ, കൊറിന്ത്യന്‍സ് എന്നീ ക്ലബ്ബുകളിലേക്കു മാറിയ കാര്‍ലോസ് ഐഎസ്‌എല്ലിലും കളിച്ചിട്ടുണ്ടെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. 2015, 16 സീസണുകളില്‍ ഡല്‍ഹി ഡൈനാമോസിനൊപ്പമായിരുന്നു ബ്രസീല്‍ താരം. മൂന്നു മല്‍സരങ്ങളില്‍ കളിക്കുകയും ചെയ്തിട്ടുണ്ട്.