കോപ്പ അമേരിക്ക ഫൈനലിനിടെ കാലിന് പരിക്കേറ്റ അർജന്റീന താരം ലയണല്‍ മെസിക്ക് ക്ളബ് തലത്തിലെ രണ്ടു മത്സരങ്ങള്‍ നഷ്ടമാകും.
അമേരിക്കൻ മേജർ ലീഗ് സോക്കർ ടീമായ ഇന്റർ മയാമിയുടെ അടുത്ത രണ്ട് മത്സരങ്ങളില്‍ മെസിക്ക് കളിക്കാനാകില്ലെന്ന് ക്ലബ്ബ് പരിശീലകൻ ജെറാഡോ ടാറ്റ മാർട്ടിനോയാണ് അറിയിച്ചത്. കൊളംബിയക്കെതിരായ കോപ്പ ഫൈനലിനിടെ മെസിയുടെ വലത് കണങ്കാലിനാണ് പരിക്കേറ്റത്.
ഇന്ന് ടൊറന്റോ എഫ്സിക്കെതിരെയും ശനിയാഴ്ച ചിക്കാഗോ ഫയറിനെതിരെയുമുള്ള മത്സരങ്ങളില്‍ മെസി ടീമിലുണ്ടാകില്ല. കൊളംബിയക്കെതിരായ ഫൈനലിന്റെ ആദ്യ പകുതിയില്‍ ഒരു ക്രോസ് കൊടുക്കാൻ ശ്രമിക്കുന്നതിനിടെ മെസിയുടെ കാല്‍ തിരിഞ്ഞുപോകുകയായിരുന്നു. വേദനകൊണ്ടു പുളഞ്ഞ മെസി വൈദ്യ സഹായംതേടിയ ശേഷം കളിക്കളത്തില്‍ തുടർന്നെങ്കിലും രണ്ടാം പകുതിയില്‍ കളിക്കാൻ സാധിക്കാതെ മൈതാനത്ത് കിടന്നു. ഇതോടെ കോച്ച് ലയണല്‍ സ്‌കലോണി മെസിയെ പിൻവലിക്കുകയായിരുന്നു. കണ്ണീരണിഞ്ഞാണ് മെസി കളംവിട്ടത്.