സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ ആദ്യ മൂന്നു കളികളും ജയിച്ച് ക്വാർട്ടർ ഫൈനല്‍ ഉറപ്പാക്കിയ കേരളത്തിന് മൂന്നുകളികളിലും വ്യത്യസ്ത ഇലവനുകളായിരുന്നു.
ഇതിനൊരു കാരണമുണ്ട്. എതിർ ടീമിലെ പ്രധാനകളിക്കാരെ പഠിച്ചാണ് ഓരോ ദിവസത്തെയും ടീമിനെ മുഖ്യപരിശീലകൻ ബിബി തോമസ് ഇറക്കുന്നത്. ഒരൊറ്റ പൊസിഷനില്മാത്രം കളിക്കാൻ കഴിവുള്ളവരല്ല ഈ സംഘം. എങ്ങനെ സ്ഥാനചലനം നടത്തിയാലും അവിടെയെല്ലാം തിളങ്ങാൻകഴിയുന്ന ഒന്നിലധികം താരങ്ങള്‍ ടീമിലുള്ളതും ബിബിയുടെ തന്ത്രങ്ങളും ടീമിന്റെ മുന്നേറ്റത്തില്‍ പ്രധാനമായി.
5-4-1 ശൈലിയിലാണ് ടീം കളിക്കുന്നത്. ആദ്യ ഇലവനെ കണ്ടെത്തലാണ് ശ്രമകരം. പ്രതിരോധത്തില്‍ അഞ്ചുപേരെ നിർത്തുന്ന രീതി ബിബി മുൻപ് കർണാടകം കോച്ചായിരുന്നപ്പോള്‍ പരീക്ഷിച്ചതാണ്. മൂന്നുഗോള്‍ നേടിയ മുഹമ്മദ് അജ്സല്‍, ഇ. സജീഷ്, ടി. ഷിജിൻ എന്നിവരാണ് കഴിഞ്ഞ മൂന്നുകളികളില് സ്ട്രൈക്കർമാർ. ഇതില്‍ അജ്സല്‍ മാത്രമാണ് എല്ലാ കളികളിലും ആദ്യ ഇലവനില്‍ സ്ഥാനംപിടിച്ചത്. ഗോവയ്ക്കെതിരേ 62 മിനിറ്റ് കഴിഞ്ഞശേഷം അജ്സലിനെ കോച്ച് പിൻവലിച്ചു. മറ്റു രണ്ടു കളികളിലും ആദ്യപകുതി മാത്രമാണ് കളിച്ചത്.
മിഡ്ഫീല്‍ഡറായും സ്ട്രൈക്കറായും ഇറങ്ങുന്ന ഗനി ഗോവയ്ക്കെതിരേ മാത്രമാണ് സ്ട്രൈക്കറായത്. മേഘാലയക്കെതിരേ മിഡ് ഫീല്‍ഡായിരുന്നു പൊസിഷൻ. വി. അർജുനും നസീബ് റഹ്മാനും സമാനരീതിയാണ് പിന്തുടരുന്നത്. നസീബ് റഹ്മാൻ മേഘാലയക്കെതിരേ ഇറങ്ങിയില്ല. പകരം ഗനിയിറങ്ങി.
റൈറ്റ്, ലെഫ്റ്റ് വിങ്ങറായി കളിക്കുന്ന നിജോ ഗില്‍ബർട്ട്, മുഹമ്മദ് ഇർഷാദ്, പി.പി. മുഹമ്മദ് റോഷല്‍ എന്നിവർ മികച്ച പ്രകടനം നടത്തുന്നുണ്ട്. ഒഡിഷയ്ക്കെതിരേ രണ്ടാം പകുതിയില്‍ നിജോ ഇറങ്ങിയശേഷമാണ് വിങ്ങുകളിലൂടെ ആക്രമണം തുടങ്ങിയത്. മിഡ്ഫീല്‍ഡർമാരായ എ.കെ. മുഹമ്മദ് അർഷഫ്, ക്രിസ്റ്റി ഡേവിസ് എന്നിവർ മൂന്നുകളിയിലും ഇറങ്ങിയപ്പോള്‍ സല്മാൻ കള്ളിയത്തിന് അവസരം കിട്ടിയില്ല.
ക്യാപ്റ്റൻ സഞ്ജു ഗണേഷ് നിയന്ത്രിക്കുന്ന ഡിഫൻസ് കെട്ടുറപ്പുള്ള കോട്ടയാണ്. സഞ്ജുവും എം. മനോജും സ്റ്റോപ്പർ ബാക്കുകളാണ്. ഗോവയ്ക്കെതിരേ രണ്ടാം മിനിറ്റില്‍ ഗോള്‍ വീണത് മനോജിന്റെ പിഴവിലായിരുന്നു. പിന്നീട് മനോജ് ഒരവസരവും നല്‍കിയില്ല.
മുഹമ്മദ് അസ്ലം, ജോസഫ് ജസ്റ്റിൻ എന്നിവർ വിങ് ബാക്കായും സ്റ്റോപ്പർ ബാക്കായും നില്ക്കുന്നു. മുഹമ്മദ് റിയാസ് വിങ് ബാക്കാണ്. ആദില്‍ അമല്‍ വിങ് ബാക്ക്, സ്റ്റോപ്പർ പൊസിഷനുകളില്‍ കളിക്കും. ഇടത്, വലത് ബാക്ക് വിങ്ങറായി മുഹമ്മദ് മുഷ്റഫ് കഴിവുതെളിയിച്ചിട്ടുണ്ട്.
എതിരാളികളെ അറിയുന്ന പ്ലാൻ
എതിർ ടീമുകളെ മനസ്സിലാക്കിയാണ് ഗെയിം പ്ലാനെന്ന് കേരള കോച്ച് ബിബി തോമസ് പറഞ്ഞു. ഡെക്കാൻ അരീന സ്റ്റേഡിയം വലുപ്പം കുറഞ്ഞതും ടർഫുമാണ്. അവിടെ തന്ത്രങ്ങള്‍ മെനയുമ്ബോള്‍ സൂക്ഷിക്കണം. നോർത്ത് ഈസ്റ്റ് താരങ്ങള്‍ ടർഫില്‍ കളിച്ച് വളർന്നവരും തണുപ്പിനെ പ്രതിരോധിക്കാൻ അറിയുന്നവരുമാണ്. മേഘാലയക്കെതിരേ സ്കോർചെയ്തു പ്രതിരോധിച്ചു നില്‍ക്കുകയായിരുന്നു തന്ത്രം.