മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് രാജ്യം ഇന്ന് വിട നല്‍കും

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് രാജ്യം ഇന്ന് വിട നല്‍കും. നിഗംബോധ് ഘട്ടിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.ഡല്‍ഹി മോത്തിലാല്‍ നെഹ്‍റു മാർഗിലെ വസതിയിലുള്ള മൻമോഹൻ സിംഗിന്റെ മൃതദേഹം രാവിലെ എട്ട് മണിയോടെ എഐസിസി ആസ്ഥാനത്ത് എത്തിച്ചു. 8.30 മുതല്‍ 9.30 വരെയാണ് എഐസിസിയില്‍ പൊതുദർശനം ക്രമീകരിച്ചിട്ടുള്ളത്. ശേഷം വിലാപയാത്രയായിട്ടായാണ് മൃതദേഹം സംസ്കാര സ്ഥലമായ നിഗംബോധ്‌ ഘട്ടിലേക്ക് കൊണ്ടുപോകുക. 11.45ന് നിഗം ബോധ്‌ഘട്ടില്‍ പൂർണ സൈനിക ബഹുമതിയോടെ സംസ്കാര ചടങ്ങുകള്‍ നടക്കും.

വ്യാഴാഴ്‌ചയാണ് എയിംസില്‍ ചികിത്സയിലിരിക്കെ മൻമോഹൻ സിംഗ് മരണപ്പെട്ടത്. അന്ന് രാത്രി തന്നെ ഭൗതിക ശരീരം മോത്തിലാല്‍ റോഡിലെ വസതിയിലേക്ക് മാറ്റിയിരുന്നു. കർണാടകയിലെ ബെല്‍ഗാമില്‍ നിന്ന് പുലർച്ചെ രണ്ടിന് ഡല്‍ഹിയില്‍ വിമാനമിറങ്ങിയ കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവർ നേരേ പ്രിയനേതാവിന്റെ വീട്ടിലാണെത്തിയത്. അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചശേഷം ബന്ധുക്കളെ ആശ്വസിപ്പിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദയും രാത്രി ആശുപത്രിയിലെത്തിയിരുന്നു.ഇന്നലെ അതിരാവിലെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ജെ.പി. നദ്ദയും വസതിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു. പിന്നാലെ രാഷ്‌ട്രപതി ദ്രൗപദി മുർമുവും ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകറുമെത്തി. ഡല്‍ഹി മുഖ്യമന്ത്രി അതിഷി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിർമ്മല സീതാരാമൻ, സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്, ആംആദ്‌മി കണ്‍വീനർ അരവിന്ദ് കേജ്‌രിവാള്‍ തുടങ്ങിയവരുമെത്തി.കോണ്‍ഗ്രസ് നേതാക്കളായമല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, രാഹുല്‍, പ്രിയങ്ക, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, ജയ്‌റാംരമേശ്, എം.കെ. രാഘവൻ, അടൂർ പ്രകാശ് തുടങ്ങിയവർ ഇന്നലെ രാവിലെ മുതല്‍ മൻമോഹന്റെ വസതിയിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *