മുസ്‍ലിം ലീഗിലെ ചേരിപ്പോര്; തിരുവമ്ബാടിയില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെൻഷനില്‍ വാക്കേറ്റം

മുസ്‌ലിം ലീഗിലെ ചേരിപ്പോര് കാരണം തിരുവമ്ബാടി പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെൻഷൻ ബഹളത്തിലും വാക്കേറ്റത്തിലും കലാശിച്ചു.

വാക്കേറ്റത്തിനിടെ തിരുവമ്ബാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്‍സണ് കസേരയില്‍നിന്ന് വീണ് പരിക്കേറ്റു. കാലിന് ചതവേറ്റ ബിന്ദു ചികിത്സ തേടി.

തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ തിരുവമ്ബാടി പ്രിയദർശിനി ഹാളില്‍ തുടങ്ങിയ കണ്‍വെൻഷനില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചതോടെയാണ് ബഹളം തുടങ്ങിയത്. മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയെയാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറാക്കിയത്. എന്നാല്‍, ഈ പദവി ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റിന് അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ലീഗ് പ്രവർത്തകർ രംഗത്തുവരുകയായിരുന്നു. ഇതോടെയാണ് ബഹളവും വാക്കേറ്റവുമുണ്ടായത്. തിരുവമ്ബാടി നിയോജക മണ്ഡലത്തില്‍ ലീഗ് രണ്ട് വിഭാഗമായി ചേരിതിരിഞ്ഞാണ് ഏതാനും വർഷമായി പ്രവർത്തിക്കുന്നത്. ഈ വിഭാഗീയതയാണ് തിരുവമ്ബാടി പഞ്ചായത്ത് യു.ഡി.എഫ് കണ്‍വെൻഷനിലും തർക്കത്തിന് കാരണമായത്. കണ്‍വെൻഷനിലെ പ്രശ്നങ്ങളില്‍ തങ്ങള്‍ കക്ഷിയല്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.

കണ്‍വെൻഷൻ എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ടി.ജെ. കുര്യാച്ചൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാർ, ഡി.സി.സി സെക്രട്ടറി ബാബു പൈക്കാട്ടില്‍, മുസ്‍ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി.കെ. കാസിം, ജോബി ഇലന്തൂർ, ഷിനോയി അടക്കപാറ, ബോസ് ജേക്കബ്, ബാബു കളത്തൂർ, ബിന്ദു ജോണ്‍സണ്‍, മില്ലി മോഹൻ, മനോജ് വാഴേപറമ്ബില്‍, കെ.എ. അബ്ദുറഹ്മാൻ, കോയ പുതുവയല്‍, നിസാർ പുനത്തില്‍, അസ്കർ ചെറിയ അമ്ബലം, ജോണ്‍ ചാക്കോ സംസാരിച്ചു.

തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍: ടി.ജെ. കുര്യാച്ചൻ (ചെയർ), ഷൗക്കത്തലി കൊല്ലളത്തില്‍ (ജന. കണ്‍), മനോജ് വാഴപ്പറമ്ബില്‍ (ട്രഷ).

Leave a Reply

Your email address will not be published. Required fields are marked *