നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള പച്ചക്കറിയാണ് മുള്ളങ്കി. എന്നിട്ടും പലപ്പോഴും പലരും അതിനെ അവഗണിക്കാറാണ് പതിവ്.
എന്നാല്‍ ഈ പോഷകമൂല്യങ്ങളെക്കുറിച്ച് അറിവുള്ളവരാകട്ടെ മുള്ളങ്കി നിത്യ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് അതിന്റെ മൂല്യങ്ങള് നേടുന്നുമുണ്ട്. മുള്ളങ്കിയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചറിഞ്ഞാല്‍ നിങ്ങള്‍ ഇനി അത് കഴിക്കാതിരിക്കില്ല.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ആന്റിഓക്‌സിഡന്റ് ഫലങ്ങളുള്ള ഒരു തരം ഫ്ലേവനോയിഡാണ് ആന്തോസയാനിൻ. റാഡിഷിലെ ആന്തോസയാനിനുകളാണ് ഇതിന് ചുവപ്പ് നിറം നല്‍കുന്നത്. മുള്ളങ്കി പോലുള്ള ആന്തോസയാനിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കും. കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡിന്റെ അളവ്, രക്തസമ്മർദ്ദം എന്നിവയെയും ഇത് ബാധിക്കുന്നു.
ശരീരത്തിലെ ദ്രാവകങ്ങള്‍ സന്തുലിതമാക്കാനുള്ള കഴിവ് പൊട്ടാസ്യത്തിനുണ്ട്. പൊട്ടാസ്യം രക്തസമ്മർദ്ദത്തില്‍ വളരെ നല്ല സ്വാധീനം ചെലുത്തുകയും വൃക്കകളുടെ പ്രവർത്തനത്തിലൂടെ രക്തസമ്മർദ്ദം ഫലപ്രദമായി സാധാരണ നിലയിലേക്ക് കൊണ്ടുവരുകയും ചെയ്യുന്നതിനാല്‍, ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകളുടെ ഭക്ഷണത്തില്‍ മുള്ളങ്കി പലപ്പോഴും ഉള്‍പ്പെടുത്താവുന്നതാണ്.
ദഹനപ്രശ്നം പലരെയും അലട്ടുന്നുണ്ട്. അനാരോഗ്യകരമായ ജീവിതശൈലിയാണ് ഇതിന് പ്രധാനകാരണം. ഇതിനും മുള്ളങ്കിയില്‍ പരിഹാരമുണ്ട്. മുള്ളങ്കിയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ കുടലിലെ മാലിന്യങ്ങള്‍ നീക്കി ദഹനപ്രക്രിയ സുഗമമാക്കുന്നു. മലബന്ധം അകറ്റാനും മുള്ളങ്കി സഹായകമാണ്.
മുള്ളങ്കിയിലെ വിറ്റാമിൻ സി ചർമ്മത്തെ മെച്ചപ്പെടുത്തുന്നു, രോഗപ്രതിരോധ സംവിധാനത്തെയും ടിഷ്യു വളർച്ചയെയും നന്നാക്കുന്നതിനെയും സഹായിക്കുന്ന ഒരു പ്രധാന പോഷകമാണ് വിറ്റാമിൻ സി. പനി അല്ലെങ്കില്‍ ജലദോഷം പോലുള്ള രോഗങ്ങള്‍ തടയാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റാണ് വിറ്റാമിൻ സി. ഹൃദ്രോഗം, ചിലതരം ക്യാൻസർ തുടങ്ങിയ ഗുരുതരമായ രോഗങ്ങളെ തടയുകയും ചെയ്യുന്നു.
ജീവിതശൈലീ രോഗമായി കണക്കാക്കുന്ന പ്രമേഹം അഥവാ ഷുഗറിനെ പ്രതിരോധിക്കാനും മുള്ളങ്കി സഹായകമാണത്രെ. മുള്ളങ്കിയുടെ ആന്റി ഡയബറ്റിക് ഗുണങ്ങള്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.