മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തും; തമിഴ്‌നാട് ജനതയുടെ സ്വപ്നം ഡിഎംകെ സാധ്യമാക്കുമെന്ന്‌ മന്ത്രി ഐ പെരിയസ്വാമി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്നും, തമിഴ്‌നാട് ജനതയുടെ ഈ സ്വപ്‌നം ഡിഎംകെ നടപ്പിലാക്കുമെന്നും തമിഴ്‌നാട് ഗ്രാമ വികസന തദ്ദേശ വകുപ്പ് മന്ത്രി ഐ പെരിയസ്വാമി.

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇക്കാര്യം ചർച്ച ചെയ്യാൻ തീരുമാനിച്ചിരുന്നതായും പെരിയസ്വാമി പറയുന്നു. തേനി ജില്ലയിലെ മഴക്കെടുതികള്‍ വിലയിരുത്തിയ ശേഷമാണ് പെരിയസ്വാമിയുടെ പ്രതികരണം.

സുപ്രീംകോടതി വിധിയനുസരിച്ച്‌ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അറ്റകുറ്റപ്പണികള്‍ നടത്താൻ തമിഴ്‌നാട് സർക്കാരിന് അവകാശമുണ്ട്. വൈക്കം സന്ദർശനവേളയില്‍ കേരള മുഖ്യമന്ത്രിയുമായി സംസാരിക്കാൻ എം കെ സ്റ്റാലിൻ തീരുമാനിച്ചിരുന്നുവെന്നും പെരിയസ്വാമി വ്യക്തമാക്കി. മുല്ലപ്പെരിയാറില്‍ അറ്റകുറ്റപ്പണികള്‍ നടത്താൻ തമിഴ്‌നാടിന് കേരളം അനുമതി നല്‍കിയിരുന്നു. ജലവിഭവവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അണക്കെട്ടിലും സ്പില്‍വേയിലും സിമന്റ് പെയിന്റിങ് ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികളാകും തമിഴ്‌നാട് നടത്തുന്നത്. ജനങ്ങളുടെ ഭീതി ഒഴിവാക്കാൻ നിലവിലുള്ള അണക്കെട്ടില്‍ താത്കാലിക അറ്റകുറ്റപ്പണികള്‍ക്ക് മാത്രമാണ് അനുമതി നല്‍കുന്നതെന്നും ഉത്തരവില്‍ പറയുന്നു.

ഇടുക്കി എംഐ ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഓഫീസർമാരുടെയോ സാന്നിധ്യത്തില്‍ വേണം പണികള്‍ നടത്താനെന്ന് ഉത്തരവില്‍ നിർദേശിച്ചിട്ടുണ്ട്. നിർമാണ സാമഗ്രികള്‍ എത്തിക്കുന്ന സമയമടക്കം മുൻകൂട്ടി അറിയിക്കണം. രാവിലെ ആറിനും വൈകിട്ട് ആറിനും ഇടയിലായിരിക്കണം ഇതെന്നും ഉത്തരവില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *