മുമ്ബ് വിധി പറഞ്ഞ കേസാണെങ്കിലും അപ്പീല്‍ 2024 ജൂലൈ ഒന്നിന് ശേഷമാണെങ്കില്‍ ഭാരതീയ നാഗരിക സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്) പ്രകാരമായിരിക്കണമെന്ന് ഹൈകോടതി.
ക്രിമിനല്‍ നടപടി ചട്ട പ്രകാരം പോക്സോ കേസ് പ്രതി നല്‍കിയ അപ്പീല്‍ ഹരജി ബി.എൻ.എസ്.എസ് പ്രകാരം തിരുത്തി സമർപ്പിക്കാൻ നിർദേശിച്ച് മടക്കി നല്‍കിയാണ് ജസ്റ്റിസ് പി.ജി. അജിത്കുമാറിന്‍റെ ഉത്തരവ്.
വേങ്ങര സ്വദേശി അബ്ദുല്‍ ഖാദറാണ് ഹരജിക്കാരൻ. ജൂണ്‍ 12ന് മഞ്ചേരി പോക്സോ പ്രത്യേക കോടതി അബ്ദുല്‍ ഖാദറിന് ശിക്ഷ വിധിച്ചതിനെത്തുടർന്ന് ജൂലൈ 10നാണ് ഹൈകോടതിയില്‍ അപ്പീല്‍ നല്‍കിയത്. ക്രിമിനല്‍ നടപടിച്ചട്ടപ്രകാരമാണ് വിചാരണ നടന്നതെന്നതിനാല്‍ അപ്പീലിനും ഇതു ബാധകമാകുമെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം.
എന്നാല്‍, ജൂലൈ ഒന്നിനോ അതിനുശേഷമോ സമർപ്പിച്ച എല്ലാ ഹരജികള്‍ക്കും പുതിയ നിയമമാണ് ബാധകമാവുകയെന്ന് കോടതി വ്യക്തമാക്കി.