മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രത്യേക പാക്കേജ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഡൽഹിയിലെ പ്രതിനിധി കെവി തോമസ് ഇന്ന് കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. പാർലമെന്റിലെ ധനമന്ത്രിയുടെ ഓഫീസിൽ വൈകീട്ടാണ് കൂടിക്കാഴ്ച. കൂടിക്കാഴ്ചയെ പ്രതീക്ഷയോടെയാണ് കേരളം കാണുന്നത്. വൈകുന്നേരം 3:30നാണ് നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തുക
പാക്കേജുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും സർക്കാർ കൈമാറിയിട്ടുണ്ട്. ചർച്ച പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് കെ.വി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു. വയനാട് പാക്കേജ്, കേരളത്തിന്റെ കടമെടുപ്പ് പരിധി ഉൾപ്പെടെയുള്ള വിഷയങ്ങൾ കേന്ദ്ര ധനമന്ത്രാലയത്തിന്റെ മുൻപിൽ ഉണ്ട്. ഏതു വിഷയമായിരിക്കും ചർച്ചയ്ക്ക് എടുക്കുക എന്നത് തനിക്കറിയില്ലെന്ന് കെ.വി തോമസ് പറഞ്ഞു. വയനാട് പാക്കേജുമായി ബന്ധപ്പെട്ട സർക്കാർ എല്ലാ രേഖകളും കൈമാറിയിട്ടുണ്ട്. കേന്ദ്ര സംഘം നേരിട്ട് എത്തി സാഹചര്യം മനസ്സിലാക്കിയതാണ്. കേന്ദ്രം വയനാട് വിഷയത്തിൽ തീരുമാനം സ്വീകരിക്കണമെന്ന് കെ.വി തോമസ് പറഞ്ഞു.
കേരളം ഔദാര്യം അല്ല ചോദിക്കുന്നതെന്ന് കെവി തോമസ് പറഞ്ഞു. 2000 കോടി വേണം എന്നതാണ് കേരളത്തിന്റെ ആവിശ്യം. വയനാട് മാത്രം അല്ല മറ്റ് വിഷയങ്ങളിൽ തീരുമാനം വേണം. കേന്ദ്രം പ്രതികൂല സമീപനം സ്വീകരിക്കും എന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മഹാദുരന്തത്തിൽ സാമ്പത്തികസഹായം തരേണ്ട ബാധ്യത കേന്ദ്രം സർക്കാരിനുണ്ട്. മറ്റ് സംസ്ഥാനങ്ങൾക്ക് കൊടുത്തു കഴിഞ്ഞു. നമ്മുക്ക് ന്യായിമായി ലഭിക്കേണ്ട സഹായമാണ് ചോദിക്കുന്നതെന്ന് കെവി തോമസ് പറഞ്ഞു.