രുചികരവും അതുപോലെ തന്നെ ശരീരത്തിന് ഏറെ ഗുണകരവുമായ വിത്തുകളില്‍ ഒന്നാണ് ആശാളി അല്ലെങ്കില്‍ ഹാലിം. ഒറ്റ വിത്തില്‍ രണ്ടു ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.
ആരിലും അദ്ഭുതം ജനിപ്പിക്കുന്ന രണ്ടു ഗുണങ്ങള്‍ ഈ വിത്തിനുണ്ട്. തലമുടിയുടെ വളർച്ചയെ സഹായിക്കുന്നു കൂടാതെ, ശരീര ഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുമുള്ള മികച്ചൊരു ഉപാധി കൂടിയാണിത്. കാല്‍സ്യം, വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, പ്രോട്ടീൻ, ഇരുമ്ബ്, ഫോളിക് ആസിഡ് എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു.
നൂറ്റാണ്ടുകളായി ആയുർവേദ ഔഷധങ്ങളിലെ ഒരു കൂട്ടായി ഉപയോഗിച്ചിരുന്നവയാണ് ആശാളി എന്നറിയപ്പെടുന്ന ഈ വിത്തുകള്‍. തലയില്‍ പുതിയ മുടി വളരുന്നതിനും മുടിയുടെ ആരോഗ്യത്തിനും അത്യുത്തമമാണ് ഹാലിം. ധാരാളം ആന്റി ഓക്സിഡന്റുകളും ശരീരത്തിന് അവശ്യം വേണ്ട കൊഴുപ്പുകളും ഈ വിത്തുകളില്‍ അടങ്ങിയിരിക്കുന്നു.
പ്രോട്ടീനും ദഹനത്തിന് ആവശ്യമായ നാരുകളും അടങ്ങിയിട്ടുള്ളത് കൊണ്ടുതന്നെ ശരീര ഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച ഓപ്ഷൻ തന്നെയാണ്. ഇവയിലടങ്ങിയിരിക്കുന്ന പ്രോട്ടീൻ വിശപ്പിനെ നിയന്ത്രിക്കുന്നു എന്ന് മാത്രമല്ല, ഭക്ഷണം അധികം കഴിക്കണമെന്നുള്ള താല്പര്യത്തെ തടയുകയും ചെയ്യുന്നു. ഇതിലുള്ള കൊഴുപ്പ്, ശരീര ഭാരം കുറയ്‌ക്കുന്നതിന്റെ ഭാഗമായി ഭക്ഷണം നിയന്ത്രിക്കുന്നവർക്കു അവശ്യമായ പോഷണം നല്‍കുകയും ചെയ്യുന്നു. കൂടിയ അളവില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനപ്രക്രിയയെ സുഗമമാക്കുന്നു.