കോഴിക്കോട്:
ബ്രൂവറിയില്‍ രമേശ് ചെന്നിത്തല
പദ്ധതി പിന്‍വലിക്കും വരെ സമരവുമായി മുന്നോട്ടു പോകുമെന്നും രമേശ് ചെന്നിത്തല
ബ്രൂവറി വിവാദത്തില്‍ വിമര്‍ശനം ആവര്‍ത്തിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതിയാണിതെന്നും കമ്പനിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ബ്രൂവറി സ്ഥാപിക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കുടിക്കാന്‍ വെള്ളമില്ലാത്ത സ്ഥലമാണ്. സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്തിരിയണം. പദ്ധതി പിന്‍വലിക്കും വരെ സമരവുമായി മുന്നോട്ടു പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കൊക്കകോളയ്ക്കതിരെ സമരം നടത്തിയവരാണ്. പ്ലാച്ചിമട സമരം തെറ്റായിപ്പോയെന്ന് മുഖ്യമന്ത്രി പറയുമോ. ടാറ്റയ്ക്കും ബിര്‍ളക്കുമെതിരെ സമരം നടത്തിയ കമ്മ്യൂണിസ്റ്റ് പാരമ്പര്യം മുഖ്യമന്ത്രി മറന്നുപോയി. വ്യവസായങ്ങള്‍ക്ക് വെള്ളം കൊടുക്കുന്നതിന് എതിരല്ല. ജല ചൂഷണം നടത്തുന്ന കമ്പനികള്‍ക്ക് വെള്ളം കൊടുക്കുന്നതിനാണ് എതിര്.
തൊഴിലവസരങ്ങളുണ്ടാകുമെന്നതും കൃഷിയ്ക്ക് ഗുണകരമാകുമെന്നതും തെറ്റാണ്. പഞ്ചാബില്‍ മലിനീകരണത്തിന്റെ പേരില്‍ കമ്പനിക്കെതിരെ കേസുണ്ട്. ദില്ലി മദ്യനയ അഴിമതിയില്‍ ഉള്‍പ്പെട്ട കമ്പനിയാണ്. കമ്പനിയെ ആരു വിളിച്ചു കൊണ്ടു വന്നു എന്ന് മുഖ്യമന്ത്രി ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ബോധപൂര്‍വമായ അഴിമതിയില്‍ അഭിപ്രായം പറയാതെ സിപിഐ ഒളിച്ചു കളിക്കുകയാണ്. പ്ലാച്ചിമട സമരത്തില്‍ മുന്‍പില്‍ നിന്ന വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയും ഒരക്ഷരം മിണ്ടുന്നില്ല. ആര്‍ജെഡി അഭിപ്രായം പറയണം. നാളെ താന്‍ എലപ്പുള്ളി സന്ദര്‍ശിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
അതേസമയം കെപിസിസി പ്രസിഡന്റിന്റെ പ്രവര്‍ത്തനത്തില്‍ ആരും അതൃപ്തി രേഖപ്പെടുത്തിയിട്ടില്ലെന്നും കെ സുധാകരനെ മാറ്റണമെന്ന് താന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മാറ്റങ്ങളെ കുറിച്ച് ചര്‍ച്ച നടന്നതായി തനിക്ക് അറിയില്ല. സര്‍വ്വേ നടത്തിയിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവിനോട് സംസാരിച്ചപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.