തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദേശ വിരുദ്ധ പരാമര്‍ശത്തില്‍ രാഷ്ട്രപതിക്ക് ഗവര്‍ണര്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കും.
വിഷയം സജീവമായി നിര്‍ത്താനാണ് ഗവര്‍ണറുടെ തീരുമാനം. ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമെതിരായ നടപടികളുടെ സാധ്യതയും തേടുന്നുണ്ട്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് വിശദീകരണം നല്കാന് ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ട് എത്തണമെന്നും വിവരങ്ങള്‍ കൈമാറണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി കൃത്യമായ വിശദീകരണം നല്‍കണമെന്നാണ് ഗവര്‍ണറുടെ നിലപാട്. കേന്ദ്ര സര്‍വീസ് ചട്ട പ്രകാരമുള്ള നടപടി സാധ്യതയാണ് പരിശോധിക്കുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എന്തോ ഒളിച്ചുവെക്കുന്നു എന്നാണ് കത്തിലുണ്ടായിരുന്നത്. എന്നാല്‍ തനിക്ക് ഒളിക്കാന്‍ ഒന്നുമില്ലെന്നും വിവരങ്ങള്‍ എല്ലാം അറിയിച്ചിട്ടുണ്ടെന്നും അക്കാര്യങ്ങള്‍ റിയിക്കുന്നതില് ബോധപൂര്‍വമായ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് അയച്ച മറുപടി കത്തില്‍ അറിയിച്ചിരുന്നു.
ചീഫ് സെക്രട്ടറിയും ഡിസിപിയും ഹാജരാകാത്തതിനെതിരെ രൂക്ഷ വിമര്‍ശനമാണ് നേരത്തേ വര്‍ണര്‍ ഉന്നയിച്ചത്. എന്തോ ഒളിക്കാന്‍ ഉള്ളത് കൊണ്ടാണ് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെയും ഡിസിപിയെയും വിലക്കുന്നതെന്നാണ് ഗവര്‍ണര്‍ ആരോപിക്കുന്നത്. ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് അയയ്ക്കാതിരുന്ന മുഖ്യമന്ത്രി അതിന്റെ പ്രത്യാഘാതം അറിയുമെന്നു ഗവര്‍ണര്‍ കഴിഞ്ഞദിവസം താക്കീത് നല്‍കിയിരുന്നു. തനിക്കെന്തോ ഒളിക്കാനുണ്ടെന്നു ഗവര്‍ണര്‍ പരാമര്‍ശിച്ചതില്‍ മുഖ്യമന്ത്രിയും കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.