മുടിയും താടിയും നീട്ടി വ്യത്യസ്തമായ ലുക്കില്‍ മോഹൻലാല്‍. വിഷ്ണു മഞ്ചുവിനെ കേന്ദ്രകഥാപാത്രമാക്കി മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന ചിത്രമായ കണ്ണപ്പയിലെ മോഹൻലാല്‍ അവതരിപ്പിക്കുന്ന കിരാത എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നതോടെ ആകാംക്ഷയിലാണ് ആരാധകർ.
മുടിയും താടിയും നീട്ടി വ്യത്യസ്തമായ ലുക്കിലാണ് മോഹൻലാലിന്റെ കഥാപാത്രം. പോരാളിയെ പോലെ മുഖത്ത് കരി തേച്ച് കയ്യില്‍ വാളുമായി നില്‍ക്കുന്ന മോഹൻലാലിന്റെ പോസ്റ്റർ വളരെ പെട്ടെന്നാണ് വൈറലായത്. 100 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം യഥാർത്ഥ സംഭവ കഥയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്.
കണ്ണപ്പയില്‍ മോഹൻലാലിനൊപ്പം വൻ താരനിരയാണ് അണിനിരക്കുന്നത്. പ്രഭാസ്, അക്ഷയ് കുമാർ എന്നിവരും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. ശിവനായിട്ടാണ് അക്ഷയ് കുമാർ ചിത്രത്തിലെത്തുന്നത്. കാജല്‍ അഗര്‍വാള്‍, പ്രീതി മുകുന്ദന്‍, ബ്രഹ്‌മാനന്ദം, മധൂ, ദേവരാജ്, അര്‍പ്പിത രംഗ, ശിവ ബാലാജി, രഘു ബാബു, ഐശ്വര്യ ഭാസ്‌കരന്‍, മുകേഷ് ഋഷി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ 2025 ഏപ്രില്‍ 25 ആണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്കായി കാമറ ചലിപ്പിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍, ആന്റണി ഗോണ്‍സാല്‍വസാണ് എഡിറ്റര്‍. മണിശർമ്മയും മലയാളത്തിന്‍റെ സ്റ്റീഫൻ ദേവസിയുമാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.