ഓരോ ക്ഷേത്രങ്ങള്‍ക്കും ഓരോ വിശ്വാസങ്ങളുണ്ട്’; മുഖ്യമന്ത്രിക്കെതിരെ സുകുമാരൻ നായര്‍

ക്ഷേത്രങ്ങളില്‍ ഷർട്ട് ഊരുന്നതിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം തെറ്റെന്ന് എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ.

ഓരോ ക്ഷേത്രങ്ങള്‍ക്കും ഓരോ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ മുഖ്യമന്ത്രി പിന്തുണയ്ക്കാൻ പാടില്ലെന്നും സുകുമാരൻ നായർ വിമർശിച്ചു. പെരുന്നയില്‍ മന്നം ജയന്തിയാഘോഷവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ക്ഷേത്രങ്ങളില്‍ ഷർട്ട് ഊരുന്നതിനെതിരായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശം തെറ്റാണ്. കാലങ്ങളായി നിലനിന്ന് പോകുന്ന ആചാരങ്ങള്‍ മാറ്റണമെന്ന് എന്തിന് പറയുന്നു.ശബരിമലയില്‍ ഷർട്ട് ധരിച്ചുകൊണ്ടാണ് ദർശനം നടത്തുന്നത്. ഓരോ ക്ഷേത്രങ്ങള്‍ക്കും ഓരോ വിശ്വാസങ്ങളുണ്ട്. ഇത്തരം കാര്യങ്ങളില്‍ മുഖ്യമന്ത്രി പിന്തുണയ്ക്കാൻ പാടില്ലായിരുന്നു. ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെയും ആചാരങ്ങളില്‍ ആരും ഇടപെടുന്നില്ല. ഈ ആചാരങ്ങളെ വിമർശിക്കാൻ ശിവഗിരിക്കോ മുഖ്യമന്ത്രിക്കോ ധൈര്യമുണ്ടോ? എത്രയോ കാലം മുൻപ് മന്നത്ത് പത്മനാഭൻ സാമൂഹിക പരിഷ്കരണം നടത്തിയിട്ടുണ്ട്. നിങ്ങള്‍ തീരുമാനിച്ച്‌ നിങ്ങള്‍ നടപ്പിലാക്കിക്കൊള്ളൂ. ഞങ്ങളുടെ തീരുമാനങ്ങള്‍ ഇങ്ങനെയാണ്’- അദ്ദേഹം വ്യക്തമാക്കി.

മന്നംജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യാൻ രമേശ് ചെന്നിത്തല എംഎല്‍എ അനുയോജ്യനാണെന്നും സുകുമാരൻ നായർ പറഞ്ഞു. രമേശ് ചെന്നിത്തലയെ കോണ്‍ഗ്രസുകാരനെന്ന മുദ്ര‌യിലല്ല ക്ഷണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 11 വർഷങ്ങള്‍ക്കുശേഷമാണ് രമേശ് ചെന്നിത്തല പെരുന്നയിലെ എൻഎസ്‌എസ് ആസ്ഥാനത്ത് എത്തിയത്. ‘ആദ്യം വിളിച്ച ഉദ്ഘാടകനെ നഷ്ടപ്പെട്ടു. അതിലും അനുയോജ്യനായ ആളെയാണ് ഇപ്പോള്‍ ലഭിച്ചത്. ചെന്നിത്തലയെ ക്ഷണിച്ചത് കോണ്‍ഗ്രസുകാരനെന്ന മുദ്ര‌യിലല്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയം കൊണ്ട് നേട്ടമുണ്ടാക്കാമെന്ന് കരുതിയിട്ടില്ല. ചെന്നിത്തല കളിച്ചുനടന്ന കാലം മുതല്‍ ഈ മണ്ണിന്റെ സന്തതിയാണ്. ‘- ജി സുകുമാരൻ നായർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *