മീരാൻകടവ് പാലം; വഴിവിളക്കുകാലുകള്‍ അപകടക്കെണി

മീരാൻകടവ് പാലത്തിലെ വഴിവിളക്കുകാലുകള്‍ അപകടക്കെണിയാകുന്നു. അഞ്ചുതെങ്ങ് മീരാൻകടവ് പുതിയപാലത്തില്‍ സ്ഥാപിച്ച വഴിവിളക്കുകാലുകളാണ് വാഹനങ്ങള്‍ക്കും കാല്‍നടയാത്രികർക്കും അപകടക്കെണിയാകുന്നത്.പാലത്തിന് മുകളില്‍ സ്ഥാപിച്ച 15 ഓളം വഴിവിളക്കുകാലുകളാണ് കാലപ്പഴക്കത്തെതുടർന്ന് തകർന്നുവീഴാറായ അവസ്ഥയിലുള്ളത്. ഇവയില്‍ ഭൂരിപക്ഷവും തുരുമ്ബുപിടിച്ച്‌ എപ്പോള്‍ വേണമെങ്കിലും തകർന്നുവീഴുന്ന അവസ്ഥയിലാണ്. രണ്ട് ലൈറ്റുകള്‍ ഇതിനോടകം നിലം പതിച്ചിട്ടുണ്ട്.വി. ശശി എം.എല്‍.എയുടെ ആസ്തിവികസനഫണ്ടില്‍നിന്ന് 2019-2020 വർഷത്തില്‍ 4,92,343 രൂപ ചെലവഴിച്ചു സ്ഥാപിച്ച വഴിവിളക്കുകളാണിവ. പാലം ഇരുട്ടിലായത് അപകടകരമായതോടെ ജനങ്ങളുടെ പരാതിയിലാണ് എം.എല്‍.എ ഫണ്ട് അനുവദിച്ചത്. ഇരുമ്ബ് പൈപ്പുകള്‍ സ്ഥാപിച്ച്‌ അതിനുമുകളിലാണ് ലൈറ്റുകള്‍ ഇട്ടത്. ഇരുമ്ബുപൈപ്പുകളുടെ വെല്‍ഡിങ്ങിന്റെ ഭാഗങ്ങള്‍ തീരദേശത്തെ ലവണാംശമുള്ള കാറ്റിന്റെ ഫലമായി വേഗത്തില്‍ തുരുമ്ബെടുത്തുനശിച്ചതായാണ് കരുതപ്പെടുന്നത്.റോഡിലേക്ക് ചാഞ്ഞുനിന്ന ഒരുവിളക്കുകാല്‍ നാട്ടുകാർ പാലത്തിന് സമാനമായി വളച്ചുവെച്ചു. ഇതര പൈപ്പുകളും അപകടഭീഷണിയിലാണ്.എത്രയും പെട്ടെന്നുതന്നെ വിളക്കുകാലുകള്‍ അറ്റകുറ്റപ്പണികള്‍ തീർത്ത്‌ ബലപ്പെടുത്തിയില്ലെങ്കില്‍ കാല്‍നടയാത്രക്കാർക്കും വാഹനങ്ങള്‍ക്കും ഒരുപോലെ അപകടക്കെണിയാകും.

Leave a Reply

Your email address will not be published. Required fields are marked *