പോപ്പിനെതിരെ രൂക്ഷവിമർശനവുമായി റോം ജൂത പുരോഹിത മേധാവി
കത്തോലിക്ക-ജൂത സംവാദത്തിൻ്റെ 36-ാമത് വാർഷിക ദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച നടന്ന ചടങ്ങിലായിരുന്നു റബ്ബിയുടെ പ്രതികരണം
മാർപാപ്പയുടെ ഇസ്രായേൽ വിമർശനം പദവിക്ക് ചേരാത്തത്; പോപ്പിനെതിരെ രൂക്ഷവിമർശനവുമായി റോം ജൂത പുരോഹിത മേധാവി
റോം: ഗസ്സയിലെ വംശഹത്യയ്‌ക്കെതിരെ സംസാരിച്ചതിന് ഫ്രാൻസിസ് മാർപാപ്പയെ രൂക്ഷഭാഷയിൽ വിമർശിച്ച് റോമിലെ ചീഫ് റബ്ബി (ജൂതപുരോഹിതൻ). പോപ്പ് നടത്തിയത് തിരഞ്ഞെടുത്ത ചില വിഷയങ്ങളിൽ മാത്രമുള്ള രോഷപ്രകടനമാണെന്ന് റബ്ബി റിക്കാർഡോ ഡി സെഗ്നി പറഞ്ഞു. കത്തോലിക്ക-ജൂത സംവാദത്തിൻ്റെ 36-ാമത് വാർഷിക ദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച നടന്ന ചടങ്ങിലായിരുന്നു ജൂതപുരോഹിതന്റെ പ്രതികരണം.
സുഡാൻ, യെമൻ, സിറിയ, എത്യോപ്യ എന്നിവയുൾപ്പെടെ നടന്നുകൊണ്ടിരിക്കുന്ന മറ്റ് ലോക സംഘർഷങ്ങൾ നടക്കുന്നുണ്ടെങ്കിലും ഫ്രാൻസിസ് മാർപാപ്പ ഇസ്രായേലിലേക്ക് അനാവശ്യമായി ശ്രദ്ധകേന്ദ്രീകരിക്കുന്നു എന്നായിരുന്നു ജൂത പുരോഹിത മേധാവിയുടെ പ്രധാന വിമർശനം. 2001 മുതൽ റോമിലെ ജൂത സമൂഹത്തിൻ്റെ ആത്മീയ നേതാവാണ് റബ്ബി റിക്കാർഡോ ഡി സെഗ്നി പറഞ്ഞു.
സെലക്ടീവ് രോഷം മാർപ്പാപ്പയുടെ ശക്തിയെ ദുർബലപ്പെടുത്തുന്നു. എല്ലാവരുടെയും കഷ്ടപ്പാടുകളെ അപലപിക്കണം. ലോകത്തെ രണ്ടായി കാണുന്ന സമീപനം മാർപാപ്പയ്ക്ക് ചേരില്ല. പക്ഷേ അതാണ് ഇസ്രായേലിന്റെ കാര്യത്തിൽ ഫ്രാൻസിസ് മാർപാപ്പ ചെയ്യുന്നതെന്നും റബ്ബി റിക്കാർഡോ ഡി സെഗ്നി കുറ്റപ്പെടുത്തി.
ഇസ്രായേൽ ഗസ്സയിൽ നടത്തിവന്നിരുന്ന മനുഷ്യത്വരഹിത സൈനികാക്രമണങ്ങൾക്കെതിരെ ഫ്രാൻസിസ് മാർപാപ്പ അടുത്തിടെ തുറന്നടിച്ചിരുന്നു. ഗസ്സയിലെ മാനുഷിക സാഹചര്യം വളരെ ഗുരുതരവും ലജ്ജാകരവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജൂത പുരോഹിത മേധാവിയുടെ വിമർശനം.
കത്തോലിക്കാ സഭയും യഹൂദമതവും തമ്മിലുള്ള ബന്ധം നൂറ്റാണ്ടുകളുടെ ശത്രുതയ്ക്ക് ശേഷം സമീപ ദശകങ്ങളിലാണ് മെച്ചപ്പെട്ടത്. സാധാരണഗതിയിൽ മാർപാപ്പയ്‌ക്കെതിരെ തീവ്രമായ വിമർശനങ്ങൾ ജൂത പുരോഹിതരുടെ ഭാഗത്തുനിന്ന് പതിവില്ലാത്തതാണ്. സംവാദ പരിപാടിയുടെ സംഘാടകനും കത്തോലിക്കാ പുരോഹിതനായ റവറന്റ് മാർക്കോ ഗ്നാവി, ജൂതപുരോഹിതന്റെ അഭിപ്രായത്തിൽ ആശ്ചര്യം പ്രകടിപ്പിച്ചു. റബ്ബിയുടെ വാക്കുകൾ തനിക്ക് ‘അസ്വസ്ഥത’ ഉണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.