നഗരസഭാ ഭരണം അനിശ്ചിതത്വത്തിലേക്ക്. വ്യാഴാഴ്ച കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ചെയര്‍മാന്‍ കെ.വി.
ശ്രീകുമാറിനുള്ള പിന്തുണ പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ തീരുമാനിച്ചത്.
മൂന്ന് വര്‍ഷത്തിനുശേഷം രാജിവെക്കാമെന്നും തുടര്‍ന്ന് നിലവിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ നൈനാന്‍ സി. കുറ്റിശേരിക്ക് പിന്തുണ നല്‍കാമെന്നുമുള്ള ഉടമ്ബടിയുടെ അടിസ്ഥാനത്തിലായിരുന്നു സ്വതന്ത്രനായ കെ.വി. ശ്രീകുമാർ ചെയർമാനായത്.
എന്നാല്‍ മൂന്ന് വര്‍ഷവും ഏഴ് മാസവും പിന്നിട്ടശേഷവും രാജി വെക്കാത്ത സാഹചര്യത്തിലാണ് പിന്തുണ പിന്‍വലിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ശ്രീകുമാറിനെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലേക്ക് വിളിച്ചു വരുത്തിയ ശേഷം ഒക്ടോബര്‍ ഒന്നിന് രാജിവെക്കാമെന്ന് ഉറപ്പ് നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സന്നദ്ധനല്ലെന്ന് പറഞ്ഞ് യോഗത്തില്‍ നിന്ന് ഇദ്ദേഹം ഇറങ്ങിപ്പോവുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനി വര്‍ഗീസ് അറിയിച്ചു.
എന്നാല്‍ താന്‍ ചുമതല ഏറ്റ ശേഷം രണ്ടു വര്‍ഷം കോവിഡ് കാലമായിരുന്നു. വെല്‍നസ് സെന്ററുകളുടെ പൂര്‍ത്തീകരണം, പുതിയകാവ് മാര്‍ക്കറ്റ് നവീകരണം എന്നിവ പൂര്‍ത്തിയാക്കാന്‍ അവസരം ലഭിക്കാതിരുന്നതിനാലാണ് ഇപ്പോള്‍ രാജി വെക്കാന്‍ തയ്യാറല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതെന്ന് ശ്രീകുമാര്‍ പറഞ്ഞു.
കോണ്‍ഗ്രസിലെ ഒരു വിഭാഗം കൗണ്‍സിലര്‍മാരുടെ എതിര്‍പ്പ് തനിക്കുണ്ടെന്നും അവരാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗരസഭയില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ്, ബി.ജെ.പി കക്ഷികള്‍ക്ക് ഒമ്ബത് സീറ്റ് വീതമാണുള്ളത്. ഒരു സ്വതന്ത്ര അംഗവുമുണ്ട്.
വെള്ളിയാഴ്ച വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷനായുള്ള തെരഞ്ഞെടുപ്പ് നടക്കും. സ്ഥിരം സമിതിയില്‍ കോണ്‍ഗ്രസ്- മൂന്ന്, സി.പി.എം- രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. ബി.ജെ.പി സ്ഥിരം സമിതിയിലില്ല.
പിന്തുണ പിന്‍വലിച്ചത് ജനങ്ങളെ കബളിപ്പിക്കാൻ -ബി.ജെ.പി
മാവേലിക്കര: നഗരസഭ ചെയര്‍മാന് നാല് വര്‍ഷമായി തുടരുന്ന പിന്തുണ അപ്രതീക്ഷിതമായി പിന്‍വലിച്ചത് കണ്ണില്‍ പൊടിയിട്ട് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് ബി.ജെ.പി മാവേലിക്കര മണ്ഡലം കമ്മിറ്റി. നാല് വര്‍ഷം കൊണ്ട് 40 വര്‍ഷം നഗരസഭയെ പിന്നോട്ട് അടിക്കാനേ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള നഗരസഭ നേതൃത്വത്തിന് സാധിച്ചുള്ളൂ. ജനരോഷം ഉയര്‍ന്നു വരവേ കുഴപ്പങ്ങളെല്ലാം ചെയര്‍മാന്‍ ശ്രീകുമാറിന്‍റേത് മാത്രമാക്കാനുള്ള നീക്കമാണിപ്പോള്‍ നടക്കുന്നതെന്നും മണ്ഡലം കമ്മിറ്റി ആരോപിച്ചു.
കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം
മാവേലിക്കര: നഗരസഭയില്‍ പാര്‍ലമെന്ററി പാര്‍ട്ടി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ചെയര്‍മാനുള്ള പിന്തുണ പിന്‍വലിച്ചതില്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ച ആരംഭിച്ചപ്പോള്‍ തന്നെ ഭിന്നാഭിപ്രായങ്ങള്‍ കോണ്‍ഗ്രസ് കൗണ്‍സിലർമാർക്കിടയില്‍ നിന്ന് ഉണ്ടായി.
മൂന്ന് വര്‍ഷത്തിന് ശേഷം രാജി വെക്കാനിരുന്ന ചെയര്‍മാന്‍ കെ.വി. ശ്രീകുമാറിനെ രാജിവെപ്പിക്കാതിരിക്കുന്നത് എ ഗ്രൂപ്പിലെ ചില നേതാക്കളാണെന്നാണ് ഐ ഗ്രൂപ്പിന്റെ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങളൊക്കെ എ ഗ്രൂപ്പ് വൃത്തങ്ങള്‍ പാടെ നിഷേധിക്കുകയാണ്. ഐ ഗ്രൂപ്പിലെ ചില നേതാക്കളുടെ അധികാര മോഹമാണ് ഇപ്പോള്‍ നഗരസഭ ഭരണം തന്നെ ഇല്ലാതാക്കിയതെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം. നിലവിലെ സാഹചര്യത്തില്‍ ഒരു അവിശ്വാസം വന്നാല്‍ എത്ര കൗണ്‍സിലര്‍മാര്‍ തങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്ന ആശങ്കയും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. ധൃതി പിടിച്ചെടുത്ത തീരുമാനം അബദ്ധമാകുമോ എന്നും പല നേതാക്കളും സംശയിക്കുന്നു.
ചെയർമാൻ സ്ഥാനത്ത് തുടരുമെന്ന് കെ.വി. ശ്രീകുമാര്‍
മാവേലിക്കര: ചെയര്‍മാന്‍ കെ.വി.ശ്രീകുമാറിന് കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ നഗരസഭ ഭരണം പിടിക്കാന്‍ മൂന്ന് മുന്നണികളും കരുനീക്കങ്ങള്‍ ആരംഭിച്ചു. എന്നാല്‍ താന്‍ തന്നെ ചെയര്‍മാനായി തുടരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് കെ.വി.ശ്രീകുമാര്‍. നിലവില്‍ എല്‍.ഡി.എഫിലുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസ് അംഗം ബിനു വര്‍ഗീസിനെ കോണ്‍ഗ്രസ് ചേരിയിലെത്തിച്ച് ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ആലോചനകളും ചര്‍ച്ചകളും ആരംഭിച്ചതായാണ് പുറത്തു വരുന്ന വിവരം. എന്നാല്‍ ബി.ജെ.പിയും എല്‍.ഡി.എഫും നിലവിലെ ചെയര്‍മാന് പിന്തുണ നല്‍കി അവരവരുടെ പക്ഷത്ത് നിര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കെ.വി.ശ്രീകുമാറുമായി ഇരുമുന്നണികളും ചര്‍ച്ച നടത്തുന്നതായാണ് വിവരം. കോണ്‍ഗ്രസില്‍ നിന്ന് ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസിലേക്ക് ചേക്കേറിയ ആളാണ് ബിനു വര്‍ഗീസ്. നിലവില്‍ ചെയര്‍മാനാകാൻ ശ്രമിക്കുന്ന നൈനാന്‍ സി. കുറ്റിശ്ശേരിയുടെ നേതൃത്വത്തിലാണ് ബിനു വര്‍ഗീസിനെ കോണ്‍ഗ്രസ് പാളയത്തില്‍ എത്തിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.