ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ചിത്രമാണ് ‘മാര്‍ക്കോ’. ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങളും വിവരങ്ങളും പുറത്ത് വരുന്നതനുസരിച്ച് സിനിമയെ കുറിച്ചുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
ഇപ്പോഴിതാ ‘മാര്‍ക്കോ’ തെലുങ്കിലേക്കും അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ചിത്രത്തിന്റെ തെലുങ്ക് ടീസര്‍ ഇന്ന് പുറത്തിറങ്ങും. തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്‌ക ഷെട്ടിയാണ് ടീസര്‍ റിലീസ് ചെയ്യുന്നത്. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ നടന്‍ ഉണ്ണി മുകുന്ദനാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ പുറത്തിറങ്ങിയ മാര്‍ക്കോയുടെ ഹിന്ദി ടീസര്‍ ഏറെ ഹിറ്റായിരുന്നു. ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാമാണ് ടീസര്‍ പങ്കുവച്ചത്. ഇത് സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ ശ്രദ്ധേയമാവുകയും പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തെലുങ്ക് സിനിമാ പ്രേമികള്‍ക്കും മാര്‍ക്കോ ആസ്വദിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ അവസരം ഒരുക്കുന്നത്.
മാര്‍ക്കോ ക്രിസ്തുമസ് റിലീസായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുമെന്നാണ് വിവരം. മാസ് റിലീസിനൊരുങ്ങുന്ന ചിത്രം കേരളത്തില്‍ മാത്രം 200-ഓളം സ്‌ക്രീനുകള്‍ ഉറപ്പാക്കിയിട്ടുണ്ട്.
നിലവില്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.
ഹനീഷ് അദേനി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് മാര്‍ക്കോ. 100 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. 30 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദാണ് നിര്‍മിക്കുന്നത്.