‘മാര്‍ക്കോ’യുടെ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്ത് സ്പീക്കര്‍ എ എൻ ഷംസീര്‍

ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിൻ്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിർമിച്ച്‌ ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’യുടെ ആദ്യ ടിക്കറ്റ് ബുക്കിങ് നിർവഹിച്ച്‌ കേരള സ്പീക്കർ എ.എൻ ഷംസീര്‍.

”ഏറെ നാളായി പരിചയമുള്ള എന്‍റെ പ്രിയ സുഹൃത്ത് ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ആദ്യ സിനിമയാണ് ‘മാ‍ർക്കോ’യെന്നും ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ഈ ചിത്രത്തിന് വലിയ വിജയം ആശംസിക്കുന്നു” എന്നും ടിക്കറ്റ് ബുക്കിങ് നിർവഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഡിസംബർ 20ന് ലോകമെങ്ങും റിലീസിനെത്തുന്ന ചിത്രത്തിന്‍റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിന് ഇതോടെ തുടക്കമായിരിക്കുകയാണ്. ലോകമെങ്ങുമുള്ള തിയേറ്ററുകളില്‍ 5 ഭാഷകളിലായി ചിത്രമെത്തുന്നുണ്ട്.

ചിത്രം തിയേറ്ററുകളില്‍ എത്താൻ ഇനി 5 ദിനങ്ങള്‍ മാത്രമാണുള്ളത്. കയ്യില്‍ മെഷീൻ ഗണ്ണുമായി ഉണ്ണി മുകുന്ദൻ നില്‍ക്കുന്ന ഹെവി മാസ്സ് പോസ്റ്റർ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത് ഏറെ വൈറലാണ്. സിനിമയുടെ പ്രൊഡക്ഷൻ ക്വാളിറ്റിയിലുള്ള ആത്മവിശ്വാസമാണ് നിർമിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിക്കുന്നതിനും ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സ് തയ്യാറായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *