മാന്നാര്‍ കൊലപാതക കേസില്‍ പ്രതികള്‍ അറസ്റ്റിലായതറിഞ്ഞ് ഒന്നാം പ്രതി അനിലിന് രക്തസമ്മര്‍ദ്ദം കൂടിയെന്നും ആശുപത്രിയില്‍ ചികിത്സ തേടിയെന്നും റിപ്പോര്‍ട്ട്.
ബന്ധുക്കളായ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തെന്നും വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിക്കുമെന്നും ബന്ധുക്കള്‍ പറഞ്ഞ് അനില്‍ അറിഞ്ഞിരുന്നു. തുടര്‍ന്നാണ് രക്തസമ്മര്‍ദ്ദം കൂടിയതെന്നാണ് വിവരം. അനിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
കേസ് പൊലീസിന്റെ നാടകം എന്ന് കോടതിയില്‍ വാദിക്കാന്‍ പ്രതിഭാഗം. പൊലീസിന്റെ കസ്റ്റഡി അപേക്ഷയില്‍ സെപ്റ്റിക് ടാങ്ക് എന്ന പരാമര്‍ശം ഇല്ലെന്നും ശാസ്ത്രീയ സാഹചര്യത്തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നുമായിരിക്കും പ്രതിഭാഗം കോടതിയില്‍ വാദിക്കുക.
കലയെ കൊലപ്പെടുത്തിയതിന് ദൃക്‌സാക്ഷികളില്ല എന്നാകും പ്രതിഭാഗം കോടതിയില്‍ പ്രധാനമായും വാദിക്കുക.
കലയുടെ മൃതശരീരം തങ്ങള്‍ കണ്ടു എന്ന് നിലവില്‍ കസ്റ്റഡിയിലുള്ള പ്രതികള്‍ മൊഴി നല്‍കിയെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ കലയെ കൊലപ്പെടുത്തിയ കാലയളവ് ഇനിയും കണ്ടെത്താനായിട്ടില്ല. കസ്റ്റഡിയിലുള്ള ജിനു, സോമരാജന്‍, പ്രമോദ് എന്നിവര്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ട് എന്നതിന് പൊലീസിന്റെ പക്കല്‍ നേരിട്ടുള്ള തെളിവുകള്‍ ഒന്നും ഇല്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ സുരേഷ് മത്തായി വാദിക്കുന്നു. അനില്‍കുമാറിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നിന്നും പൊലീസ് ശേഖരിച്ച വസ്തുക്കളുടെ ശാസ്ത്രീയ പരിശോധനാ ഫലം കേസന്വേഷണത്തില്‍ നിര്‍ണായകമാകും.