മാനന്തവാടി നഗരസഭയിൽ ജനുവരി 27 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു; നാളെ ഹർത്താൽ പ്രഖ്യാപിച്ച് യുഡിഎഫും

മാനന്തവാടി നഗരസഭ പരിധിയിലെ പഞ്ചാര കൊല്ലിയില്‍ കടുവയെ പിടികൂടുന്നതിൻ്റെ ഭാഗമായി നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഭാരതീയ ന്യായ സംഹിത 163 പ്രകാരമാണ് നടപടി. ജനുവരി 24 മുതല്‍ 27 വരെയാണ് നിരോധനാജ്ഞ.

നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രദേശത്ത് നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. അതിനിടെ കടുവയുടെ ആക്രമണത്തിൽ രാധയെന്ന 45കാരി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് നാളെ മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയിൽ ഹർത്താൽ ആചരിക്കും.

ഇന്ന് രാവിലെയാണ് പഞ്ചാരക്കൊല്ലി സ്വദേശിയായ രാധയെ കടുവ കടിച്ചുകൊലപ്പെടുത്തിയ നിലയിൽ വനത്തിനുള്ളൽ കണ്ടെത്തിയത്. പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാൻ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് വിവരം. തണ്ടർബോൾട്ട് സംഘമാണ് മൃതദേഹം ആദ്യം കണ്ടത്. ഇന്ത്യൻ ക്രിക്കറ്റ് താരം മിന്നു മണിയുടെ അമ്മാവനും പഞ്ചാരക്കൊല്ലിയിലെ വനം വകുപ്പ് താത്കാലിക വാച്ചറുമായ അച്ഛപ്പൻ്റെ ഭാര്യയാണ് രാധ.

ഇവരുടെ കുടുംബത്തിന് സർക്കാർ 11 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കുടുംബത്തിൽ ഒരാൾക്ക് (അച്ഛപ്പന് പുറമെ) സർക്കാർ ജോലി നൽകുമെന്നും മന്ത്രി ഒആർ കേളു വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് കടുവ രാധയെ കൊലപ്പെടുത്തിയത്. മൃതദേഹത്തിൽ ഒരു ഭാഗം കടുവ ഭക്ഷിച്ചു. ആറ് മീറ്ററോളം ദൂരം കടുവ മൃതദേഹം വലിച്ചിഴച്ചുവെന്നുമാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അതേസമയം ആക്രമിച്ച കടുവയെ വെടിവെച്ച് കൊല്ലാൻ സർക്കാ‍ർ ഉത്തരവിട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മന്ത്രി ഒആർ കേളുവിനെതിരെ പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും സർക്കാർ സഹായം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിഷേധം കെട്ടടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *