പഴങ്ങളില്‍ പോഷകസമൃദ്ധമായ ഒന്നാണ് മാതളനാരങ്ങ. ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ മികച്ച സ്രോതസാണിത്.
കലോറി കുറഞ്ഞ ഈ പഴത്തില്‍ ഫോളേറ്റ്, വിറ്റാമിൻ സി എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാതളനാരങ്ങ ഡയറ്റില്‍ പതിവാക്കിയാല്‍ നിരവധി ഗുണങ്ങളാണുള്ളത്.
ഡയറ്റില്‍ നിന്നും മാതളനാരങ്ങ ഒഴിവാക്കരുതെന്ന് പറയുന്നതിന്റെ കാര്യങ്ങളറിഞ്ഞിരിക്കാം. മാതള നാരങ്ങ കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. കൊളസ്ട്രോള്‍ നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് ഉപകരിക്കും. മാതളനാരങ്ങയിലെ ആന്റിഓക്സിഡന്റുകള്‍ ചീത്ത കൊളസ്ട്രോളിനെ തടയാൻ ഗുണം ചെയ്യുന്നു.
മാതളനാരങ്ങ പോളിഫെനോളുകളും ഫ്ളേവനോയിഡുകളും ഉള്‍പ്പെടെയുള്ള ആന്റിഓക്സിഡന്റുകളുടെ മികച്ച സ്രോതസാണ്. ഇത് പതിവായി കഴിച്ചാല്‍ ഹൃദ്രോഗം, കാൻസർ, പ്രമേഹം തുടങ്ങിയ രോഗങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുമെന്ന് ഇറാനിയൻ ജേണല്‍ ഓഫ് ഫാർമസ്യൂട്ടിക്കല്‍ റിസർച്ച് പ്രസിദ്ധീകരിച്ച പഠനത്തില്‍ സൂചനയുണ്ട്.
കൂടാതെ, ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാനും മാതളനാരങ്ങ ഗുണം ചെയ്യും. ദഹനനാളത്തിലെ വീക്കം കുറയ്ക്കാനും മാതളനാരങ്ങ സഹായകമാണെന്ന് ഓക്സിഡേറ്റീവ് മെഡിസിൻ ആൻഡ് സെല്ലുലാർ ലോംഗ്വിറ്റിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നുണ്ട്.
രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും ഇതിലുള്ള വിറ്റാമിൻ സി ഉള്‍പ്പെടെ അവശ്യ വിറ്റാമിനുകള്‍ സഹായിക്കും. വിറ്റാമിൻ സി വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തെ കൂട്ടും. ഇത് അണുബാധകളെ ചെറുക്കുന്നതിന് ശരീരത്തെ പ്രാപ്തമാക്കുന്നു.
തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മാതളനാരങ്ങ കഴിക്കുന്നത് നല്ലതാണ്. അല്‍ഷിമേഴ്സ്, പാർക്കിൻസണ്‍സ് തുടങ്ങിയ രോഗങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആന്റി -ഇൻഫ്ളമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ദഹനവ്യവസ്ഥയിലെ വീക്കം കുറയ്ക്കുകയും വൻകുടല്‍ പുണ്ണ് തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)