മാടായി കോഓപറേറ്റിവ് ആർട്സ് ആൻഡ് സയൻസ് കോളജിലെ നിയമന വിവാദത്തില്‍ എഐസിസിക്ക് കത്തയച്ച് കണ്ണൂർ കുഞ്ഞിമംഗലത്തെ കോണ്‍ഗ്രസ് പ്രവർത്തകർ.
ഡിവൈഎഫ്‌ഐ പ്രവർത്തകൻ ധനേഷിന്റെ നിയമനം റദ്ദാക്കണമെന്നാണ് ആവശ്യം. കൂടാതെ പാർട്ടി സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ പ്രവർത്തകർക്ക് മുൻഗണന നല്‍കാൻ സർക്കുലർ ഇറക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. നിയമന വിവാദത്തില്‍ കെപിസിസി ഉപസമിതി റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് കത്തയച്ചത്.
മാടായി കോളജില്‍ സിപിഎമ്മുകാർക്ക് നിയമനം നല്‍കിയെന്നാരോപിച്ചാണ് കണ്ണൂർ കോണ്‍ഗ്രസില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് കെപിസിസി ഉപസമിതി ചർച്ച നടത്തുകയും തല്‍ക്കാലിക ‘വെടിനിർത്തല്‍’ പ്രഖ്യാപിക്കുകയും എം.കെ രാഘവൻ എംപിക്കെതിരായ പരസ്യ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാൻ ധാരണയാവുകയും ചെയ്തിരുന്നു. സമാധാന അന്തരീക്ഷമുണ്ടാക്കാനായെന്നും വീണ്ടും ചർച്ചകള്‍ നടത്തുമെന്നും സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചിരുന്നു.
പരസ്യ പ്രതികരണങ്ങളില്‍നിന്നും പ്രതിഷേധങ്ങളില്‍നിന്നും വിട്ടുനില്‍ക്കണമെന്ന കെപിസിസി ഉപസമിതി നിർദേശം എം.കെ രാഘവൻ വിരുദ്ധ ചേരി അംഗീകരിക്കുകയും ചെയ്തതാണ്. ഉപസമിതി നിർദേശങ്ങളുമായി സഹകരിക്കുമെന്നും അവർ വ്യക്തമാക്കി.
എന്നാല്‍, കോളജില്‍ നിയമനം ലഭിച്ച എം.കെ ധനേഷില്‍നിന്ന് രാജി എഴുതിവാങ്ങണമെന്ന നിലപാടില്‍ തന്നെയായിരുന്നു പ്രതിഷേധക്കാർ. നിയമം ലഭിച്ച നാലുപേരില്‍ ഒരാളായ ധനേഷിനെ ജോലിയില്‍ തുടരാൻ അനുവദിക്കരുതെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍, നിയമനം പുനഃപരിശോധിക്കുന്നത് പ്രായോഗികമല്ലന്നാണ് കോളജ് ഭരണസമിതി നിലപാട്.
ഇക്കാര്യത്തില്‍ കോളജ് ഭരണസമിതി ചെയർമാനായ എം.കെ രാഘവന്റെ നിലപാട് നിർണായകമാണ്. രാഘവൻ ഈ ആവശ്യത്തിന് വഴങ്ങിയേക്കില്ലന്നാണ് സൂചന. പ്രശ്നപരിഹാരത്തിനുള്ള ഫോർമുല തയാറാക്കാൻ കെപിസിസി നിയോഗിച്ച സമിതിക്കും കഴിഞ്ഞിട്ടില്ല. ഒരാഴ്ചയ്ക്കകം കെപിസിസിക്ക് റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ഉപസമിതിയുടെ തീരുമാനം. ഇതിനിടയിലാണ് ഇപ്പോള്‍ എഐസിസിക്ക് കത്തയച്ചത്.