വകുപ്പു വിഭജനത്തില്‍ ഉടക്കി മഹാരാഷ്ട്രയില്‍ മന്ത്രിസഭ വികസനം വൈകുന്നു. നിലവില്‍ മുഖ്യമന്ത്രിയും ഉപ മുഖ്യമന്ത്രിമാരും മാത്രമാണുള്ളത്.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും (ബി.ജെ.പി) ഉപമുഖ്യമന്ത്രി അജിത് പവാറും (എൻ.സി.പി) ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ കാണാൻ ഡല്‍ഹിയിലാണ്. അതേസമയം, മറ്റൊരു ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ (ശിവസേന) ഡല്‍ഹയിലെ ചർച്ചയില്‍ പങ്കെടുക്കുമോ എന്നതില്‍ വ്യക്തതയില്ല.
ചൊവ്വാഴ്ച അർധരാത്രിയിലും വകുപ്പ് വിഭജന ചർച്ച നടന്നെങ്കിലും എങ്ങും എത്തിയില്ല. ആഭ്യന്തര വകുപ്പിനായി ഏക്നാഥ് ഷിൻഡെ കടുംപിടിത്തം തുടരുന്നതാണ് തടസ്സം. ആഭ്യന്തരം വിട്ടുകൊടുക്കില്ലെന്ന് ബി.ജെ.പി പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. റവന്യൂ വകുപ്പും നല്‍കില്ല. നഗരസഭ വികസനവും പൊതുമരാമത്തും ഷിൻഡെക്ക് നല്‍കാൻ തയാറാണ്. ധനകാര്യം അജിത്തിനുതന്നെ നല്‍കുമെന്നാണ് സൂചന.
ഷിൻഡെക്കും അജിത്തിനും അവരുടെ എം.എല്‍.എമാരില്‍നിന്നും സമ്മർദമേറുന്നു. പിളർപ്പില്‍ ഒപ്പം നിന്നിട്ടും കഴിഞ്ഞ തവണ മന്ത്രിപദം കിട്ടാത്തവർ മന്ത്രിയാകാൻ ശക്തമായി സമ്മർദം ചെലുത്തുന്നു. ഷിൻഡെക്ക് 12ഉം അജിത്തിന് 10ഉം മന്ത്രിപദമാണ് കിട്ടുക. ബി.ജെ.പിക്ക് മുഖ്യനടക്കം 22 മന്ത്രിമാരുണ്ടാകും. ഡല്‍ഹി ചർച്ചയോടെ പരിഹാരമാകുമെന്നും ശനിയാഴ്ചയോടെ മന്ത്രിസഭ വികസനം ഉണ്ടാകുമെന്നും ബി.ജെ.പി നേതാക്കള്‍ പറയുന്നു.