എറണാകുളം മഹാരാജാസ് കോളജിലുണ്ടായ സംഘർഷത്തില്‍ വിദ്യാർഥികള്‍ക്ക് പരിക്ക്. മലപ്പുറം സ്വദേശിയും മൂന്നാം വർഷ ബിരുദ വിദ്യാർഥിയും ഫ്രറ്റേണിറ്റി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായ ബാസിലിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എസ്.എഫ്.ഐ പ്രവർത്തകർ സംഘം ചേർന്ന് മർദിക്കുകയായിരുന്നുവെന്ന് ഫ്രറ്റേണിറ്റി നേതൃത്വം വ്യക്തമാക്കി. എസ്.എഫ്.ഐ പ്രവർത്തകരായ രണ്ടാംവർഷ വിദ്യാർഥി പ്രണവ്, മൂന്നാം വർഷ വിദ്യാർഥി സെയ്‌ത് എന്നിവരും സംഘർഷത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയിട്ടുണ്ട്.
വ്യാഴാഴ്ച ക്ലാസ് സമയത്തിനുശേഷം വൈകുന്നേരത്തോടെയായിരുന്നു സംഭവം. തലക്കും വയറിനും ഗുരുതര പരിക്കേറ്റ ബാസിലിനെ എറണാകുളം ജനറല്‍ ആശുപത്രിയിലും പിന്നീട് എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും ശേഷം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. എസ്.എഫ്.ഐ പ്രവർത്തകരും ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തില്‍ സെൻട്രല്‍ പൊലീസ് കേസെടുത്തു.
എസ്.എഫ്.ഐ പ്രവർത്തകർ സംഘം ചേർന്ന് ബോധം മറയുംവരെ ആക്രമിക്കുകയായിരുന്നുവെന്നും കോളജ് യൂനിയൻ തെരഞ്ഞെടുപ്പ് മുതലുണ്ടായിരുന്ന മുൻവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നുവെന്നും ഫ്രറ്റേണിറ്റി പ്രവർത്തകർ പറഞ്ഞു.