: സംസ്‌ഥാനത്ത് ഇതുവരെ പതിനഞ്ചു പേര്‍ക്ക് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
രണ്ടു പേര്‍ രോഗമുക്‌തരായി ആശുപത്രി വിട്ടു. ആഗോളതലത്തില്‍ത്തന്നെ 11 പേര്‍ മാത്രമാണ് ഈ രോഗം ബാധിച്ചശേഷം രക്ഷപ്പെട്ടിട്ടുള്ളത്. തിരുവനന്തപുരം ജില്ലയില്‍ ഏഴു പേര്‍ക്കു രോഗം ബാധിച്ചു. ഇതില്‍ ഒരാള്‍ കഴിഞ്ഞ മാസം 23-ന് മരിച്ചു. ആറുപേര്‍ നിലവില്‍ ചികിത്സയിലാണ്. രണ്ടു പേര്‍ക്ക് രോഗം സംശയിക്കുന്നതായും മന്ത്രി അറിയിച്ചു. മുതിര്‍ന്നയാളാണ് തിരുവനന്തപുരത്ത് മരിച്ചത്. എന്തുകൊണ്ട് ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് പരിശോധിക്കും. ഇതിന് കൃത്യമായ ഒരു മരുന്നില്ല. ഡോക്‌ടര്‍മാര്‍ മെല്‍ടിഫോസിന്‍ എന്ന മരുന്നാണ് ഉപയോഗിക്കുന്നത്. ഇത് അപൂര്‍മായ മരുന്നാണ്. ചികിത്സയില്‍ ഉള്ളവര്‍ക്ക് നല്‍കാന്‍ ഇപ്പോള്‍ മരുന്നുണ്ട്. എല്ലാ സാധ്യതകളും ഉപയോഗിച്ച് മരുന്ന് ലഭ്യമാക്കുമെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
മൂക്കിലും തലയിലും ശസ്ര്‌തക്രിയ നടത്തിയവര്‍ക്ക് പെട്ടെന്ന് രോഗം വരാന്‍ സാധ്യതയുണ്ട്. വൃത്തിയുള്ള കുളങ്ങളില്‍ കുളിക്കാന്‍ ശ്രദ്ധിക്കണമെന്നും ചെവിയിലും മൂക്കിലും വെള്ളം കയറാതെ സൂക്ഷിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. നിലവില്‍ ചികിത്സയില്‍ ഉള്ളവരില്‍ അഞ്ചുപേരും കുളത്തില്‍ കുളിച്ചവരാണ്. ആറാമത്തെയാള്‍ക്ക് കുളവുമായി ബന്ധമില്ല. അത് അന്വേഷിക്കുന്നുണ്ട്. അമീബിക് മസ്‌തിഷ്‌ക ജ്വരം പകര്‍ച്ചവ്യാധിയല്ല. രോഗലക്ഷണമുള്ളവര്‍ ചികിത്സ തേടണമെന്നും വീണാ ജോര്‍ജ് പറഞ്ഞു.