മസ്തകത്തില്‍ പരിക്കേറ്റ കാട്ടാനയെ മയക്കുവെടി വെച്ചു നിയന്ത്രണത്തിലാക്കി.

തിരപ്പിള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി മയക്കുവെടിവെച്ചു ദൗത്യ സംഘം. രക്ഷാ ദൗത്യത്തിന്റെ മൂന്നാം ദിവസമാണ് ആനയെ മയക്കുവെടിവെക്കാനായത്.

നാല് ആനകള്‍ക്കൊപ്പമാണ് പരിക്കേറ്റ ആന ഉണ്ടായിരുന്നത്. മൂന്ന് കൊമ്ബന്‍മാരും ഒരു പിടിയുമാണ് സംഘത്തിലുണ്ടായിരുന്നത്. ആനകള്‍ കൂട്ടം മാറിയ വേളയിലാണ് മയക്കുവെടിവെച്ചത്. ഒരു ഘട്ടത്തില്‍ ദൗത്യ സംഘത്തിന് നേരെ ആന പാഞ്ഞടുക്കുന്ന സ്ഥിതിയുമുണ്ടായി.

ചാലക്കുടിപ്പുഴയുടെ കരയിലുള്ള മുളങ്കാട്ടിലാണ് ആനയെ ആദ്യം കണ്ടെത്തിയത്. രാവിലെ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം മേഖലയില്‍ നടത്തിയ പരിശോധനയിലാണ് ആനയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ദൗത്യ സംഘത്തിന്റെ വരുതിയില്‍ നിന്നും കുതറിമാറി കാട്ടിലേക്ക് കടന്ന ആനയെ പിന്നീട് കണ്ടെത്തായിരുന്നില്ല.

ഇന്നലെ ആറു സംഘങ്ങളിലായി തിരിഞ്ഞ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ വിവിധ ബ്ലോക്കുകളിലും ഉള്‍വനത്തിലും പരിശോധന നടത്തിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ഇന്ന് രാവിലെ ദൗത്യ സംഘം ലക്ഷ്യം നേടുക ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *