മഷ്രാനോ ഇന്റര്‍ മിയാമിയില്‍

മേജര്‍ ലീഗ്‌ സോക്കര്‍ ക്ലബ്‌ ഇന്റര്‍ മിയാമിയുടെ പുതിയ കോച്ചായി അര്‍ജന്റീനയുടെ മുന്‍ താരം ഷാവിയര്‍ മഷ്രാനോയെത്തും.

ജെറാഡോ മാര്‍ട്ടിനോ സ്‌ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണു മഷ്രാനോ ലയണല്‍ മെസിയെയും സംഘത്തെയും പരിശീലിപ്പിക്കാനെത്തുന്നത്‌.
അര്‍ജന്റീനയുടെ അണ്ടര്‍ 23 ടീം കോച്ചായി പ്രവര്‍ത്തിക്കുകയാണ്‌ മഷ്രാനോ. 2010-18 സീസണില്‍ ബാഴ്‌സലോണയില്‍ മെസിക്കൊപ്പം കളിച്ചിരുന്നു. 2018 ലാണു രാജ്യാന്തര ഫുട്‌ബോളിനോടു വിട പറഞ്ഞത്‌. വ്യക്‌തിപരമായ കാരണങ്ങളാലാണു ജെറാഡോ മാര്‍ട്ടിനോ സ്‌ഥാനമൊഴിഞ്ഞത്‌. 2023 ജൂണ്‍ മുതല്‍ മാര്‍ട്ടിനോ ഇന്റര്‍ മയാമിയുടെ ഭാഗമാണ്‌. ഇന്റര്‍ മിയാമി മാര്‍ട്ടിനോയ്‌ക്കു കീഴില്‍ ലീഗ്‌സ് കപ്പ്‌, സപ്പോട്ടേഴ്‌സ് ഷീല്‍ഡ്‌ എന്നിവ നേടി. ഇന്റര്‍ മിയാമി എം.എല്‍.എസ്‌. പ്ലേ ഓഫ്‌ ഒന്നാം റൗണ്ട്‌ കടക്കാതെ പുറത്തായതിനു പിന്നാലെയാണു മാര്‍ട്ടിനോ ക്ലബ്‌ വിട്ടത്‌. ബെസ്‌റ്റ് ഓഫ്‌ ത്രീയില്‍ അറ്റ്‌ലാന്റ യുണൈറ്റഡ്‌ എഫ്‌.സി. ഇന്റര്‍ മിയാമിയെ മറികടന്നു. ബാഴ്‌സലോണയുടെ മുന്‍ കോച്ചും താരവുമായ സാവിയെ സ്വന്തമാക്കാന്‍ ഇന്റര്‍ മിയാമി ശ്രമിച്ചിരുന്നു. സാവിയും മെസി, മഷ്രാനോ എന്നിവര്‍ക്കൊപ്പം കളിച്ചിട്ടുണ്ട്‌.
40 വയസുകാരനായ മഷ്രാനോയുടെ ക്ലബ്‌ ഫുട്‌ബോളിലെ കോച്ചായുള്ള ആദ്യ ജോലിയാണിത്‌. ബാഴ്‌സയിലെ സഹതാരങ്ങളായിരുന്ന സെര്‍ജിയോ ബസ്‌ക്വറ്റസ്‌, ജോര്‍ഡി അലാബ, ലൂയിസ്‌ സുവാരസ്‌ എന്നിവരും ഇന്റര്‍ മിയാമിയിലുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *