മഴക്കാലം തീർച്ചയായും ചൂടില്‍ നിന്ന് ആശ്വാസം നല്കുന്ന സമയമാണ്. എന്നിരുന്നാലും ഏറ്റവും കൂടുതല്‍ അണുബാധകള്‍ ഉയരുന്ന സമയവും മഴക്കാലം തന്നെയാണ്.
ഈർപ്പമുള്ള കാലാവസ്ഥ ബാക്‌ടീരിയകള്‍ക്കും രോഗാണുക്കള്‍ക്കും പെരുകാൻ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. കുരുമുളക് പോലുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ട്‌അവയെ അകറ്റി നിർത്താം. കുരുമുളക് കറികള്‍ക്ക് രുചിയും മണവും കൂട്ടാൻ മാത്രമല്ല, ധാരാളം ആരോഗ്യ ഗുണങ്ങളും നല്‍കുന്നുണ്ട്. പ്രത്യേകിച്ച്, മഴക്കാലത്ത് കുരുമുളക് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. സ്ഥിരമായി കുരുമുളക് കഴിക്കുന്നത് പ്രതിരോധശേഷി, ദഹന ആരോഗ്യം എന്നിവ മെച്ചപ്പെടുത്തും. മഴക്കാലത്ത് കുരുമുളക് കഴിച്ചാലുള്ള 4 ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം:
- രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു
മഴക്കാലത്ത് വായുവിലെ ഹാനികരമായ ബാക്ടീരിയകളോട് സമ്ബർക്കം പുലർത്തുന്നതിനാല്‍ നമ്മുടെ രോഗ പ്രതിരോധശേഷി ദുർബലമാകും. അതിനാല്‍ രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളേണ്ടത് പ്രധാനമാണ്. ഭക്ഷണത്തില്‍ കുരുമുളക് ഉള്‍പ്പെടുത്തുന്നതിലൂടെ ഇത് അനായാസമായി നേടാനാകും. കുരുമുളക് ആന്റി ബാക്ടീരിയല്‍ സ്വഭാവമുള്ളതും ആന്റിഓക്‌സിഡന്റുകളാല്‍ സമ്ബന്നവുമാണ്. ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് മികച്ചതാണ്.
- ജലദോഷവും ചുമയും തടയുന്നു
മഴക്കാലത്ത് ജലദോഷമോ ചുമയോ ഉണ്ടാകുന്നത് വളരെ സാധാരണമാണ്. എന്നാല്‍ കുരുമുളക് കഴിക്കുന്നതിലൂടെ ഇവ വരാനുള്ള സാധ്യത കുറവാണ്. കുരുമുളകിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാണ് ശ്വാസകോശാരോഗ്യത്തിനെ മികച്ചതാക്കുന്നത് . അതിനാല്‍ ഭക്ഷണത്തില്‍ കുരുമുളക് ഉള്‍പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുക.
- പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുന്നു
കുരുമുളക് കഴിക്കുന്നത് പോഷകങ്ങള്‍ നന്നായി ആഗിരണം ചെയ്യാൻ സഹായിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? അതെ, കുരുമുളകില്‍ പൈപ്പറിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്, ഇത് ഭക്ഷണത്തില്‍ നിന്ന് അവശ്യ വിറ്റാമിനുകളും ധാതുക്കളും ആഗിരണം ചെയ്യുന്നത് മെച്ചപ്പെടുത്തുന്നു.
- ദഹനസംബന്ധമായ ആരോഗ്യത്തിന് മികച്ചത്
മഴക്കാല ഭക്ഷണങ്ങളില്‍ കുരുമുളക് ഉള്‍പ്പെടുത്താനുള്ള മറ്റൊരു കാരണം, ദഹന ആരോഗ്യത്തിന് അത്യുത്തമമാണ് എന്നതാണ്. വയറുവേദന, വയറുവീർപ്പ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ഉത്തമമാണ്. കുരുമുളക് ഹൈഡ്രോക്ലോറിക് ആസിഡിന്റെ ശ്രവണം വർദ്ധിപ്പിക്കുകയും ദഹനവ്യവസ്ഥ ശരിയാക്കുകയും ചെയ്യുന്നു.