ഉത്തർപ്രദേശിലെ ഫിറോസാബാദില്‍ 22-കാരിയെ കൊലപ്പെടുത്തിയ കേസില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന രാജ എന്നയാളാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.
കൊല്ലപ്പെട്ട പെണ്‍കുട്ടി മറ്റൊരാളുമായി അടുപ്പത്തിലാണെന്നാരോപിച്ചായിരുന്നു കൊലപാതകമെന്നാണ് വിവരം.
ഫിറോസാബാദുകാരിയായ പെണ്‍കുട്ടി കഴിഞ്ഞ കുറച്ചു നാളുകളായി ബോണ്ട്സിയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ താമസിച്ചു വരികയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാർ പറയുന്നു. പെണ്‍കുട്ടിയും രാജയും തമ്മില്‍ നീണ്ട നാളായി പ്രണയത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ പെണ്‍കുട്ടിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ഇയാള്‍ സംശയിച്ചിരുന്നു. തുടർന്ന് കൊലപാതകത്തിലെത്തിച്ചേർന്നുവെന്ന് പോലീസ് പറയുന്നു.
ഗുർഗാവിലെ ഗംറോജ് ടോള്‍ പ്ലാസയ്ക്കരികിലായുള്ള ഒഴിഞ്ഞ സ്ഥലത്ത് നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൃതദേഹം പരിശോധിച്ചപ്പോള്‍ ഇടത് കൈയില്‍ ‘R’ എന്ന അക്ഷരം ടാറ്റൂ ചെയ്തിരുന്നു. തുടർന്ന് അന്വേഷണം നടത്തിയ പോലീസ് പ്രതിയിലേക്ക് എത്തിച്ചേരുകയായിരുന്നുവെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയില്‍ ആരോടും പറയാതെ പുറത്ത് പോയ പെണ്‍കുട്ടിയെ കാണാനില്ലെന്ന് അറിയിച്ച് മകളുടെ സുഹൃത്ത് വിളിച്ചിരുന്നു. ഉടൻ തന്നെ പോലീസില്‍ പരാതി നല്കി. അന്വേഷണത്തിനിടെ തിങ്കളാഴ്ച മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ മാതാവ് പറയുന്നു. മാതാവിന്റെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.