നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി പൊളിക്കാനുള്ള കളക്ടറുടെ ഉത്തരവിനെതിരെ കുടുംബം നൽകിയ ഹർജി ഹെെക്കോടതി തള്ളി. എങ്ങനെയാണ് ഗോപൻ മരിച്ചതെന്ന് കുടുംബം വിശദീകരിക്കണമെന്നും കോടതി വ്യക്തമാക്കി. മരണ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ തുടർനടപടി നിർത്തിവയ്ക്കാമെന്നും ഇല്ലാത്തപക്ഷം സ്ലാബ് തുറക്കുന്നത് സംബന്ധിച്ച നടപടിയിൽ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി.
എന്തിനാണ് പേടിക്കുന്നതെന്നും ഹർജിക്കാരോട് കോടതി ചോദിച്ചു. മരണത്തിൽ സംശയാസ്പദമായ സാഹചര്യം ഉണ്ടെന്നും കോടതി വിലയിരുത്തി. ഹർജി ഫയലിൽ സ്വീകരിച്ച കോടതി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. അതുവരെ പൊലീസ് നടപടി നിർത്തിവയ്‌ക്കേണ്ടന്നാണ് കോടതിയുടെ തീരുമാനം. മരണശേഷമുള്ള 41 ദിവസത്തെ പൂജ മുടങ്ങാതെ ചെയ്യാൻ കഴിയണമെന്നാവശ്യപ്പെട്ടാണ് കുടുംബം ഹെെക്കോടതിയിൽ ഹർജി നൽകിയത്. ഭാര്യ സുലോചനയാണ് ഹർജി നൽകിയത്. ഈ ആവശ്യമാണ് തള്ളിയത്. ഇപ്പോൾ നടക്കുന്നത് സ്വാഭാവിക നടപടിക്രമമാണ്. നിലവിൽ അന്വേഷണം നിർത്തിവെക്കാനോ നീട്ടി കൊണ്ട് പോകാനോ ആവില്ലെന്നും കോടതി വ്യക്തമാക്കി. ഹർജിയിൽ മറുപടി നൽകാൻ സർക്കാരിന് നോട്ടീസ് നൽകി.എന്നാൽ ആർഡിഒയുടെ ഉത്തരവ് നിയമപരമല്ലെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. അപ്പോൾ എങ്ങനെയാണ് മരണം സംഭവിച്ചതെന്ന് കോടതി ചോദിച്ചു. സംശയാസ്‌പദമായ സാഹചര്യത്തിൽ മരിച്ചത് കൊണ്ടാണ് പൊലീസ് അന്വേഷിക്കുന്നതെന്നും ഒരാളുടെ മരണത്തിൽ സംശയമുണ്ടെങ്കിൽ അന്വേഷിക്കാനുള്ള അവകാശം പൊലീസിനുണ്ടെന്നും കോടതി വ്യക്തമാക്കി.