കണ്ടാല്‍ ഒരു നിഷ്കളങ്കൻ ലുക്ക്, എന്നാല്‍ വർക്കോ? അസാധ്യം! അതാണ് ബേസില്‍ ജോസഫ്. സംവിധായകനായും നടനായും പ്രേക്ഷകരുടെ പള്‍സ് അറിഞ്ഞ് സിനിമ ചെയ്യുന്നയാള്‍.
തനിക്ക് കിട്ടുന്ന കഥാപാത്രം, അതിനി നായകനായാലും സഹനടനായാലും കാമിയോ റോള്‍ ആയാലും പ്രേക്ഷകരെ കയ്യിലെടുത്തിട്ടേ അടങ്ങൂ എന്ന തരത്തിലാണ് ബേസിലിന്റെ അഭിനയം. അതില്‍ അയാള്‍ വിജയിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ നാല് വർഷത്തെ കണക്കെടുത്ത് നോക്കിയാല്‍ മലയാള സിനിമയ്ക്ക് സ്ഥിരമായി വിജയം സമ്മാനിക്കുന്നത് ബേസില്‍ ആണെന്ന് അറിയാൻ കഴിയും.
തൊട്ടതെല്ലാം പൊന്ന് എന്ന് പറയുന്ന പോലെ ചെയ്യുന്ന പടങ്ങള്‍ എല്ലാം ഹിറ്റ്. അതിന്റെ സീക്രട്ട് എന്താണെന്ന് മറ്റ് പല യൂത്ത് നടന്മാരും ബേസിലിനോട് ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജനപ്രിയ താരം എന്ന ടാഗ്‌ലൈൻ ഇനി ചേരുക ബേസിലിനാകും. നിലവില്‍ മലയാള സിനിമയിലെ മിനിമം ഗ്യാരണ്ടിയുള്ള ഒരേയൊരു നായകൻ ആണ് ബേസില്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സൂക്ഷ്മദർശിനി അത് അടിവരയിടുന്നു.
2020 മുതല്‍ 24 വരെയുള്ള ഈ നാല് വർഷത്തെ കണക്കെടുത്ത് നോക്കിയാല്‍ ബേസില്‍ ജോസഫിന്റെ ഹിറ്റ് 7 സിനിമകളാണ്. ഒരുകാലത്ത് ബോക്സ് ഓഫീസിന്റെ പള്‍സ് അറിഞ്ഞ് സിനിമകള്‍ ചെയ്തിരുന്ന മോഹൻലാല്‍, നിവിൻ പോളി തുടങ്ങിയവർ ബേസിലിന്റെ എങ്ങുമെത്താതെ നിലയുറപ്പിക്കുകയാണ്. ബേസില്‍ മത്സരിക്കുന്നത് മമ്മൂട്ടിയോടാണ്. ഓരോ വർഷവും അപ്‌ഡേറ്റഡാകുന്ന മമ്മൂട്ടിക്കൊപ്പം. മമ്മൂട്ടിക്കും 7 ഹിറ്റുകളുണ്ട്. നിർമാതാക്കള്‍ക്ക് നഷ്ടമുണ്ടാക്കാത്ത മിനിമം ഗ്യാരന്റി നടൻ എന്ന ടാഗ് നേടുക എന്നതും ചെറിയ കാര്യമല്ല.
2020 ല്‍ ജാനെമാൻ, 21 ല്‍ സംവിധായക കുപ്പായമണിഞ്ഞ് മിന്നല്‍ മുരളി. സിനിമ തിയേറ്റർ റിലീസ് ആയിരുന്നില്ലെങ്കിലും ഓ.ടി.ടി റിലീസ് ആയിട്ടാണെങ്കിലും നിർമാതാവ് പണം വാരി എന്ന് തന്നെ പറയാം. തന്നെ കണ്ട് പണമിറക്കുന്ന നിർമാതാക്കള്‍ക്ക് നഷ്ടബോധം തോന്നരുത് എന്നൊരു വാശി ബേസിലിന് ഉള്ളത് പോലെ. ആ വാശി ഊട്ടി ഉറപ്പിക്കുന്ന സിനിമകളായിരുന്നു പിന്നീട് വന്നത്.
2022 ല്‍ ബേസിലിന്റെ മാർക്കറ്റ് കൂടി. പാലത്ത് ജാൻവർ, ജയ ജയ ജയ ജയഹേ എന്നീ ചിത്രങ്ങള്‍ ബേസില്‍ ഒറ്റയ്ക്ക് തോളിലേറ്റി. വേറെയും ഒന്ന് രണ്ട് സിനിമകളില്‍ സഹനടനായി അഭിനയിച്ചു. ഏകദേശം പത്ത് കോടിക്കടുത്ത് സിനിമ കളക്‌ട് ചെയ്തു. ബഡ്ജറ്റ് അനുസരിച്ച് നോക്കുകയാണെങ്കില്‍ ഇത് ഹിറ്റാണ്. പിന്നാലെ ഇറങ്ങിയ ജയ ജയ ജയ ജയഹേ വമ്ബൻ ഹിറ്റായിരുന്നു. വെറും 8 കോടി മുടക്കി നിർമിച്ച ഈ സിനിമ 50 കോടിക്കടുത്താണ് കളക്ഷൻ നേടിയത്.
2023 ഉം ബേസിലിന്റെ വർഷമാണ്. അഞ്ച് സിനിമകളില്‍ അഭിനയിച്ചെങ്കിലും രണ്ട് എണ്ണമാണ് ബേസിലിനെ മാർക്കറ്റ് ചെയ്ത് റിലീസ് ആയത്. ഫാലിമിയും ഗുരുവായൂർ അമ്ബലനടയിലും. ഇതില്‍ ഗുരുവായൂർ പൃഥ്വിയുടെ കൂടി സിനിമയാണ്. ഫാലിമി 15 കോടിക്കടുത്ത് നേടിയപ്പോള്‍, ഗുരുവായൂർ അമ്ബലനടയില്‍ 60 കോടിയിലധികം നേടി. ആ ലിസ്റ്റിലേക്ക് ഇനി സൂക്ഷമദർശിനിയും.