ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ച മന്ത്രി സജി ചെറിയാനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തെ തിങ്കളാഴ്ച പ്രഖ്യാപിക്കും.
ആലപ്പുഴയിലെ പ്രസംഗത്തിന്‍റെ പേരിലാണ് മന്ത്രി വിവാദത്തിലായത്. എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിനായിരിക്കും അന്വേഷണ ചുമതല.
ആദ്യം നടന്ന അന്വേഷണത്തെ രൂക്ഷമായി വിമർശിച്ച ഹൈകോടതി സിംഗിള്‍ ബെഞ്ച്, മന്ത്രിയെ കുറ്റവിമുക്തനാക്കിയ കീഴ്കോടതി നടപടി റദ്ദാക്കിയതോടൊപ്പം നിഷ്പക്ഷ ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും ഉത്തരവിട്ടു. ഈ സാഹചര്യത്തില്‍ നിയമമോപദേശം തേടുകയോ മന്ത്രി അപ്പീല്‍ നല്‍കുന്നതുവരെ കാത്തുനില്‍ക്കുകയോ ചെയ്യാതെ നടപടി സ്വീകരിക്കേണ്ട അവസ്ഥയിലാണ് പൊലീസ്.
ഹൈകോടതി ഉത്തരവുണ്ടായ സാഹചര്യത്തില്‍ അന്വേഷണം തുടങ്ങാതെ വഴിയില്ലെന്ന് ക്രൈംബ്രാഞ്ച് സർക്കാറിരിനെയും അറിയിച്ചിട്ടുണ്ട്. പ്രസംഗത്തിന്റെ ഫോറൻസിക് തെളിവും മന്ത്രിയുടെ ശബ്ദപരിശോധന റിപ്പോർട്ടും ലഭിക്കുംമുമ്ബേ കീഴ്കോടതി മന്ത്രിയെ ധൃതിപിടിച്ച് കുറ്റവിമുക്തനാക്കിയതിനെയാണ് ഹൈകോടതി വിമർശിച്ചത്.
ഇതോടെ ശാസ്ത്രീയ പരിശോധന നടത്താൻ നിർബന്ധിതരായിരിക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം. എഴുത്ത്, പ്രസംഗം, പ്രവൃത്തിമൂലം ഭരണഘടനയോട് അനാദരവ് കാട്ടിയാല്‍ മൂന്നുവർഷം തടവും പിഴയും കിട്ടാവുന്ന, ദേശീയ മഹിമയെ അനാദരിക്കുന്നത് സംബന്ധിച്ച വകുപ്പ് ചുമത്തിയാണ് മന്ത്രിക്കെതിരെ കേസെടുത്തത്.
ഇതിനിടെ, അഡ്വക്കറ്റ് ജനറലില്‍നിന്ന് നിയമോപദേശം തേടിയ ശേഷം ഡിവിഷൻ ബെഞ്ചില്‍ അപ്പീല്‍ നല്‍കാനാണ് മന്ത്രിയുടെ നീക്കം. തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധിയെന്ന് ചൂണ്ടിക്കാട്ടി റിട്ട് ഹരജി നല്‍കാനുമിടയുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടർനടപടികളെടുക്കാനാണ് മന്ത്രിക്ക് സർക്കാർ നല്‍കിയ നിർദേശം.