മന്ത്രി ആയതിനുശേഷം ശിവന്‍കുട്ടി ശമ്ബളം വാങ്ങുന്നില്ലേ? സൗജന്യ സേവനമൊന്നുമല്ലല്ലോ ചെയ്യുന്നത് ; നടിയെ വിമര്‍ശിച്ചത് ശരിയല്ലെന്ന് സന്ദീപ് വാര്യര്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരണ നൃത്താവിഷ്‌കാരം പഠിപ്പിക്കാന്‍ പ്രമുഖ നടി അഞ്ചു ലക്ഷം ചോദിച്ചെന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനം ശക്തമാകുകയാണ്.

ഇപ്പോഴിത ഈ വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. സംസ്ഥാന യുവജനോത്സവത്തിലെ ബാക്കി എല്ലാ വിഭാഗങ്ങള്‍ക്കും, ഭക്ഷണത്തിനും ശബ്ദ സംവിധാനത്തിനും പന്തലിനുമൊക്കെ പണം നല്‍കാമെങ്കില്‍ എന്തുകൊണ്ട് ആ കലാകാരിക്ക് പണം നല്‍കിക്കൂടാ എന്നു സന്ദീപ് വാര്യര്‍ ചോദിച്ചു.

സംസ്ഥാന യുവജനോത്സവത്തിലെ സ്വാഗതഗാനം പോലെ ഏറെ പ്രയത്നം വേണ്ട ഒരു നൃത്തം ഒരുക്കിയെടുക്കാന്‍ ദിവസങ്ങളോളം ചെലവഴിക്കേണ്ടി വരും. മലയാള സിനിമയിലെ ഒരു നായിക നടി ഉദ്ഘാടനത്തിന് പോയാല്‍ ഏതാനും മണിക്കൂറുകള്‍ക്ക് ലഭിക്കുന്ന തുകയാണ് 5 ലക്ഷം. മന്ത്രി വലിയ തുക ചോദിച്ചതായി പറഞ്ഞ് ആ കലാകാരിയെ, അവര്‍ ആരോ ആകട്ടെ, ആക്ഷേപിക്കുന്നത് ശരിയല്ല. അവര്‍ നേരത്തെ സംസ്ഥാന യുവജനോത്സവത്തില്‍ വിജയിയായിട്ടുണ്ടെങ്കില്‍ അത് അവരുടെ മിടുക്കാണ്.

മന്ത്രി ആയതിനുശേഷം ശിവന്‍കുട്ടി ശമ്ബളം വാങ്ങുന്നില്ലേ? സൗജന്യ സേവനമൊന്നുമല്ലല്ലോ ചെയ്യുന്നത്. ആശുപത്രിയില്‍ പോയി കിടക്കുമ്ബോള്‍ കണ്ണടക്കും തോര്‍ത്തുമുണ്ടിനും പഴം പൊരിക്കും വരെ സര്‍ക്കാരില്‍ നിന്ന് റീ ഇമ്ബേഴ്സ്മെന്റ് വാങ്ങുന്ന മന്ത്രിമാര്‍ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും വിലയിടാന്‍ നില്‍ക്കരുതെന്നും ‘- സന്ദീപ് വാര്യര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *