കൃഷിമന്ത്രി പി പ്രസാദിനെ വേദിയിലിരുത്തി പി വി അന്‍വര്‍ എംഎല്‍എയുടെ വിമര്‍ശനം. കൃഷിമന്ത്രി തലകുത്തിമറിഞ്ഞ് ശ്രമിച്ചാലും കൃഷി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് പി വി അന്‍വര്‍ പറഞ്ഞു.
ടെറസില്‍ കൃഷി ചെയ്താല്‍ കുരങ്ങന്മാര്‍ നശിപ്പിക്കുന്ന സാഹചര്യമാണുള്ളത്. വന്യമൃഗ സംരക്ഷണം മാത്രമാണ് നടക്കുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു. നിറപൊലി 2025 കാര്‍ഷിക പ്രദര്‍ശനമേളയുടെ ഉദ്ഘാടന വേദിയിലാണ് പി വി അന്‍വര്‍ വിമര്‍ശനം ഉന്നയിച്ചത്.
കേരളത്തില്‍ കഴിഞ്ഞ കുറേ കാലമായി ഭൂമിയില്‍ കൃഷി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് പി വി അന്‍വര്‍ പറഞ്ഞു. ഭൂമിയില്‍ കൃഷി ചെയ്താല്‍ വന്യജീവി ശല്യമാണ്. അങ്ങനെയാണ് പലരും ടെറസില്‍ കൃഷി ചെയ്യാന്‍ തുടങ്ങിയത്. എന്നാല്‍ ടെറസില്‍ കുരങ്ങകളും ശല്യമായി. ജനങ്ങള്‍ കൃഷിയില്‍ നിന്ന് പിന്തിരിയുകയാണെന്നും അന്‍വര്‍ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ നഷ്ടക്കച്ചവടം ഏതാണെന്ന് ജനങ്ങളോട് ചോദിച്ചാല്‍ അത് കൃഷിയാണെന്ന് അവര്‍ കണ്ണീരോടെ പറയുമെന്നും പി വി അന്‍വര്‍ പറഞ്ഞു. ആ അവസ്ഥയിലേക്ക് നാടിനെ എത്തിച്ചത് വനം വന്യജീവി വകുപ്പാണ്. ആ വകുപ്പ് കനിയാതെ ഒന്നും നടക്കില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു. വനം വകുപ്പ് കൃഷിഭൂമി വലിയ തോതില്‍ കയ്യേറുകയാണെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.