കലക്ടറേറ്റിലെ യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് എഡിഎം നവീന്‍ ബാബു അപ്പോള്‍ തന്നെ മറുപടി നല്‍കിയിരുന്നുവെന്ന് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ റിപോര്‍ട്ട്.പെട്രോള്‍ പമ്ബിന്റെ പരിശോധനയ്ക്കായി തിരഞ്ഞെടുപ്പ് തിരക്കിനിടയിലും ഒന്നിലേറെത്തവണ സ്ഥലം സന്ദര്‍ശിച്ചിരുന്നെന്നും മന:പൂര്‍വം ഫയല്‍ വൈകിച്ചിട്ടില്ലെന്നുമാണ് മറുപടി പ്രസംഗത്തില്‍ നവീന്‍ ബാബു പറഞ്ഞത്.കാസര്‍കോട്ടുനിന്നു പത്തനംതിട്ടയിലേക്കു നേരിട്ടു സ്ഥലംമാറ്റം ലഭിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നതെന്നും തിരഞ്ഞെടുപ്പുകാലത്ത് കണ്ണൂരില്‍ ജോലി ചെയ്യാന്‍ ആരും തയാറാകാതിരുന്നതിനാലാണ് താന്‍ നിയോഗിക്കപ്പെട്ടതെന്നും നവീന്‍ ബാബു പറയുന്ന ദൃശ്യങ്ങള്‍ ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ എ ഗീത സമര്‍പ്പിച്ച അന്വേഷണ റിപോര്‍ട്ടിലുണ്ട്.കൂടാതെ ചില ജീവനക്കാര്‍ നല്‍കിയ മൊഴികളിലും എഡിഎമ്മിന്റെ പ്രസംഗം പരാമര്‍ശിക്കുന്നുണ്ട്. യാത്രയയപ്പു ചടങ്ങിന്റെ വിഡിയോ പ്രാദേശിക ടിവി ചാനലിനു പുറമേ ചില ജീവനക്കാര്‍ മൊബൈല്‍ ഫോണിലും പകര്‍ത്തിയിരുന്നു. ഈ വിഡിയോ ദൃശ്യങ്ങളും ജോയിന്റ് കമ്മിഷണര്‍ ശേഖരിച്ചിട്ടുണ്ട്.