മദ്യപിച്ച് ബോധമില്ലാതെ കാറില്‍ കിടന്നുറങ്ങിയ വില്ലേജ് ഓഫീസർ മരിച്ച നിലയില്‍. തമിഴ്‌നാട്ടിലെ ചിന്നകാങ്കയം പാളത്താണ് സംഭവം.
വേലംപാളയം വില്ലേജ് ഓഫീസറായ ജഗന്നാഥനെയാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാർ സ്റ്റാർട്ടായി കിടക്കുന്നതും അതില്‍ നിന്നും ദുർഗന്ധം വമിക്കുന്നതും നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
നാല്‍പ്പത്തേഴുകാരനായ ജഗന്നാഥൻ മദ്യലഹരിയില്‍ കാറിനുള്ളില്‍ എസി പ്രവർത്തിപ്പിച്ചുകൊണ്ടാണ് കിടന്നുറങ്ങിയത്. ജഗന്നാഥന്റെ ഭാര്യയും മക്കളും കഴിഞ്ഞ ദിവസം ബന്ധുവീട്ടിലേക്ക് പോയിരുന്നു. അതിനാല്‍ ഇയാള്‍ ഒറ്റയ്‌ക്കാണ് വീട്ടിലുണ്ടായിരുന്നത്. കാർ ഓണായി എസി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതും, അതിനുള്ളില്‍ നിന്ന് ദുർഗന്ധം വരുന്നതും നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടു. ജഗന്നാഥനെ അന്വേഷിച്ചെങ്കിലും വിവരം ലഭിക്കാതായതോടെയാണ് അയല്‍വാസികള്‍ ഈ വിവരം ജഗന്നാഥന്റെ ഭാര്യയെ വിളിച്ച് അറിയിക്കുന്നത്.
പ്രദേശവാസികള്‍ അറിയിച്ചതനുസരിച്ച് ജഗന്നാഥന്റെ ഭാര്യ ഉടൻ തന്നെ വീട്ടിലെത്തി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കാറിന്റെ കണ്ണാടി തകർത്ത് നടത്തിയ പരിശോധനയിലാണ് ജഗന്നാഥനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും, കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. മദ്യലഹരിയില്‍ എസി പ്രവർത്തിപ്പിച്ച് കിടന്നുറങ്ങിയതാകാം മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.