വർക്കല അയിരൂരില്‍ കെഎസ്‌ഇബി ജീവനക്കാർ രാത്രിയില്‍ മദ്യപിച്ചെത്തി കുടുംബത്തോട് അസഭ്യം പറഞ്ഞെന്ന പരാതിയില്‍ നടപടിയുമായി കെഎസ്‌ഇബി എംഡി ബിജു പ്രഭാകർ.
സംഭവത്തില്‍ വിജിലൻസ് അന്വേഷണത്തിന് അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്. വിജിലൻസ് എസ്‌പിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണമെന്നും റിപ്പോർട്ട് ലഭിച്ചശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ബിജു പ്രഭാകർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അയിരൂർ സ്വദേശി രാജീവാണ് പരാതിക്കാരൻ. കഴിഞ്ഞ ശനിയാഴ്ച രാത്രി ഇയാളുടെ വീട്ടിലെ വൈദ്യുതി തകരാർ പരിഹരിക്കാനെത്തിയ ജീവനക്കാർ മദ്യപിച്ച് അസഭ്യം പറയുകയായിരുന്നു. ഇതിനെതിരെ രാജീവ് അയിരൂർ പൊലീസിന് പരാതി നല്‍കി. പൊലീസില്‍ ബന്ധപ്പെട്ടതിന്റെ പേരില്‍ കുടുംബത്തിന് വൈദ്യുതി പുനഃസ്ഥാപിക്കുന്നില്ലെന്ന് വീണ്ടും പരാതി ഉയരുകയായിരുന്നു. വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം രാത്രി കെഎസ്‌ഇബി ഉദ്യോഗസ്ഥർ വീട്ടിലെത്തി കണക്ഷൻ പുനഃസ്ഥാപിച്ചത്. പരാതി പിൻവലിച്ചാല്‍ വൈദ്യുതി തരാമെന്ന് അസിസ്റ്റന്റ് എൻജീനിയർ ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിക്കുന്നുണ്ട്.
ഇതിനുപിന്നാലെ രാജീവിനും വീട്ടുകാർക്കുമെതിരെ പരാതി നല്‍കിയിരിക്കുകയാണ് കെഎസ്‌ഇബി. ഔദ്യോഗിക ജോലി തടസപ്പെടുത്തിയെന്നാണ് പരാതി. സംഭവത്തില്‍ വിശദീകരണവുമായി കെഎസ്‌ഇബിയും രംഗത്തെത്തിയിട്ടുണ്ട്. മീറ്റർ കത്തുന്നുവെന്ന് പരാതി ലഭിച്ചപ്പോള്‍ രാജീവിന്റെ വീട്ടിലേക്ക് പോയ കെടാകുളം സെക്ഷനിലെ രണ്ട് ലൈൻമാൻമാരെ വളരെ മോശമായ ഭാഷയില്‍ ചീത്ത വിളിക്കുകയും തിരികെ പോകാൻ സമ്മതിക്കാതെ തടഞ്ഞ് നിർത്തുകയായിരുന്നു. ഇതിനെ തുടർന്ന് ജീവനക്കാർ പൊലീസില്‍ വിവരം അറിയിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തിയപ്പോള്‍ അവർ മദ്യപിച്ചാണ് വന്നിരിക്കുന്നതെന്ന വ്യാജേന കുടുംബം പരാതി കൊടുക്കുകയായിരുന്നു. എന്നാല്‍ ഇവരെ മെഡിക്കല്‍ പരിശോധന നടത്തിയപ്പോള്‍ മദ്യപിച്ചിട്ടില്ലെന്ന് പിന്നീട് വ്യക്തമാകുകയായിരുന്നുവെന്നും കെഎസ്‌ഇബി വ്യക്തമാക്കി.