മലപ്പുറം:
വനിതാ മുഖ്യമന്ത്രിമാർ ഉണ്ടാകുന്നത് വരെ സിപിഐഎം തടഞ്ഞുവെന്നും മാർക്സിസ്റ്റ് പാർട്ടി എന്നും സ്ത്രീകൾക്ക് എതിരാണെന്നും പിഎംഎ സലാം കുറ്റപ്പെടുത്തി
സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ വിമർശിച്ച കാന്തപുരത്തിൻ്റെ നിലപാടിനെ പിന്തുണച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം രംഗത്ത്. മത പണ്ഡിതന്മാർ മതം പറയുമ്പോൾ മറ്റുളവർ അതിൽ എന്തിനാണ് ഇടപെടുന്നത് എന്നും മതം പറയാനും പ്രചരിപ്പിക്കാനും ഭരണഘടന അവകാശം നൽകുന്നുണ്ട് എന്നുമായിരുന്നു എം വി ഗോവിന്ദന് മറുപടി. നേരത്തെ മെക് 7 വ്യായമ കൂട്ടായ്മയുമായി ബന്ധപ്പെട്ടുള്ള കാന്തപുരത്തിൻ്റെ വിവാദ നിലപാടിനെതിരെ എം വി ഗോവിന്ദൻ രംഗത്ത് വന്നിരുന്നു. എം വി ഗോവിന്ദൻ്റെ ജില്ലയിൽ സിപിഐഎമ്മിന് ഒരൊറ്റ വനിതാ ഏരിയാ സെക്രട്ടറി മാത്രമാണ് ഉള്ളതെന്നായിരുന്നു എം വി ഗോവിന്ദൻ്റെ വിമർശനത്തിനുള്ള കാന്തപുരത്തിൻ്റെ മറുപടി. എന്തുകൊണ്ടാണ് ഒരു സ്ത്രീയെ പോലും ഉൾപ്പെടുത്താത്തതെന്നും കാന്തപുരം ചോദിച്ചിരുന്നു. കാന്തപുരത്തിൻ്റെ ഈ നിലപാട് ചൂണ്ടിക്കാണിച്ചാണ് പിഎംഎ സലാം രംഗത്ത് വന്നിരിക്കുന്നത്
സിപിഐഎമ്മിൻ്റെ പൊളിറ്റ് ബ്യൂറോയിൽ ആകെയുള്ളത് ഒരു സ്ത്രീ മാത്രമാണെന്നും പിഎംഎ സലാം വിമർശിച്ചു. വനിതാ മുഖ്യമന്ത്രിമാർ ഉണ്ടാകുന്നതിനെ സിപിഐഎം തടഞ്ഞുവെന്നും മാർക്സിസ്റ്റ് പാർട്ടി എന്നും സ്ത്രീകൾക്ക് എതിരാണെന്നും പിഎംഎ സലാം കുറ്റപ്പെടുത്തി. കാന്തപുരം എന്നും തെറ്റുകൾക്ക് എതിരെ പറയുന്നയാളാണ് എന്നും പാർലമെന്റ് തിരഞ്ഞെടുപ്പിൽ അത് കണ്ടതാണ് എന്നും സലാം കൂട്ടിച്ചേർത്തു.
സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള ഏത് പദ്ധതി കൊണ്ടുവന്നാലും എതിർക്കുമെന്നായിരുന്നു മെക് 7നെ ലക്ഷ്യം വെച്ചുകൊണ്ടുള്ള കാന്തപുരത്തിന്റെ പ്രസ്താവന. യാഥാസ്ഥിതികരെന്ന് വിമർശിച്ചാലും പ്രശ്നമില്ല. ലോകം തിരിയാത്തത് കൊണ്ട് പറയുന്നതുമല്ല. നന്നായി മനസിലാക്കിയാണ് ഇക്കാര്യം പറയുന്നതെന്നും കാന്തപുരം പറഞ്ഞിരുന്നു.
ഈ പരാമർശത്തിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തുവന്നിരുന്നു. സ്ത്രീകൾ പൊതുയിടങ്ങളിൽ ഇറങ്ങരുതെന്ന് പറയുന്നത് പിന്തിരിപ്പൻ നിലപാടാണ് എന്നും അത്തരക്കാർക്ക് പിടിച്ചുനിൽക്കാനാവില്ലെന്നും പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകേണ്ടി വരുമെന്നുമായിരുന്നു കാന്തപുരത്തിൻ്റെ നിലപാടിനോടുള്ള എം വി ഗോവിന്ദൻ്റെ വിമർശനം.
ഇതിനിടെ കാന്തപുരത്തിന്റെ സിപിഐഎം വിമർശനം തള്ളാതെ മുൻ ധനമന്ത്രി തോമസ് ഐസക്ക് രംഗത്തുവന്നിരുന്നു. സിപിഐഎമ്മിൽ വനിതാ ഏരിയ സെക്രട്ടറിമാർ ഇല്ലാത്തതിൻ്റെ പോരായ്മ ഉണ്ടെന്നും ബോധപൂർവ്വം അത് തിരുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നുമായിരുന്നു തോമസ് ഐസക് പറഞ്ഞത്.