കണ്ണൂരില്‍നിന്ന് മംഗളൂരു വഴി ബംഗളൂരുവിലേക്കുള്ള ട്രെയിൻ (16511) സർവിസ് വ്യാഴാഴ്ചവരെ റദ്ദാക്കിയതായി ദക്ഷിണ-പശ്ചിമ റെയില്‍വേ അധികൃതർ ചൊവ്വാഴ്ച അറിയിച്ചു.
തിരിച്ചുള്ള ട്രെയിൻ (16512) നാളെ ഓടില്ല. കഴിഞ്ഞ മാസം 26ന് മംഗളൂരു-ബംഗളൂരു റൂട്ടില്‍ എടകുമേരിക്കും കഡഗരവാലിക്കുമിടയില്‍ റെയില്‍ പാളത്തില്‍ മണ്ണിടിഞ്ഞു വീണതിനെത്തുടർന്നുള്ള ട്രെയിൻ സർവിസ് മുടക്കം ഇന്നേക്ക് 13 ദിവസം പിന്നിടുന്നു.
കണ്ണൂരില്‍നിന്ന് ബംഗളൂരുവിലേക്കും തിരിച്ചും ദിവസേന രണ്ട് ട്രെയിൻ സർവിസുകളാണുള്ളത്. കോഴിക്കോട്-പാലക്കാട് വഴിയുള്ളതാണ് മറ്റൊന്ന്. ഈ ട്രെയിനില്‍ യാത്രക്കാരുടെ തിരക്ക് കാരണം ടിക്കറ്റ് ലഭിക്കാൻ പ്രയാസമാണ്. കണ്ണൂരില്‍നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രക്കാരില്‍ ഭൂരിഭാഗം പേർക്കും ബസ് മാത്രമാണ് ആശ്രയം. ബസ് ടിക്കറ്റുകളും വേഗത്തില്‍ തീർന്നുപോകുന്നുണ്ട്. മണ്ണിടിച്ചിലിനെത്തുടർന്ന് കെ.എസ്.ആർ ബംഗളൂരു-കണ്ണൂർ എക്സ്‌പ്രസ് തിങ്കളാഴ്ചവരെ റദ്ദാക്കിയതായാണ് നേരത്തേ അറിയിച്ചത്.
പിന്നീട് ബുധനാഴ്ച വരെയാക്കി ഇന്നലെ അറിയിപ്പ് വന്നു. കണ്ണൂരിലേക്കുള്ളത് ഉള്‍പ്പെടെ 12 ട്രെയിനുകളാണ് 13 ദിവസമായി മുടങ്ങിയിരിക്കുന്നത്. പാളത്തില്‍ ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി ഊർജിതമായി പുരോഗമിക്കുന്നുണ്ടെന്ന് ദക്ഷിണ-പശ്ചിമ റെയില്‍വേ ഡിവിഷൻ മാനേജർ ശില്‍പി അഗർവാള്‍ അവകാശപ്പെടുന്നു.
ടണ്‍ കണക്കിന് മണ്ണിനൊപ്പമുള്ള മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയ പാളവും അനുബന്ധ സംവിധാനങ്ങളും പുനഃസ്ഥാപിക്കുന്ന പ്രവൃത്തികള്‍ ഏറെ ശ്രമകരമാണ്. മണ്ണ് നീക്കം ഏതാണ്ട് പൂർത്തിയായി. പാളത്തിന്റെ സുരക്ഷ പരിശോധനകൂടി നടത്തിയശേഷമേ സർവിസുകള്‍ പുനഃസ്ഥാപിക്കാനാവുകയുള്ളൂ.
430 റെയില്‍വേ ജീവനക്കാർ മണ്ണിടിഞ്ഞ ദിവസം മുതല്‍ മൂന്ന് ഷിഫ്റ്റുകളിലായി മണ്ണുനീക്കല്‍ ജോലിയിലാണ്. 200 പേർ രാവിലെ മുതലും 120 പേർ രാത്രിയും 110 പേർ അത്യാവശ്യ ഘട്ടത്തിലുമായാണ് പ്രവർത്തിക്കുന്നതെന്ന് ശില്‍പി അഗർവാള്‍ പറഞ്ഞു.