ഇക്കൊല്ലത്തെ മണ്ഡലകാല പൂജ സമാപിച്ച് ശബരിമല നടയടച്ചതോടെ എരുമേലിയില്‍ തീർഥാടകരുടെ തിരക്കൊഴിഞ്ഞു. വ്യാഴാഴ്ച രാവിലെ മുതല്‍ അയ്യപ്പ ഭക്തരുടെ വരവ് കുറഞ്ഞതോടെ താല്‍ക്കാലിക കടകളും പാർക്കിങ് മൈതാനങ്ങളും പലതും അടച്ചു.
വ്യാഴാഴ്ച ഉച്ചയോടെ എരുമേലി പേട്ട തുള്ളല്‍ പാതയും വിജനമായി. ഇതോടെ ടൗണില്‍ ഏർപ്പെടുത്തിയ ഗതാഗതനിയന്ത്രണത്തിലും അയവ് വരുത്തി. മണ്ഡലകാലം സമാപിച്ച് ശബരിമല നട അടച്ചതോടെ പരമ്ബരാഗത കാനനപാതയിലെ അഴുതക്കടവും അടച്ചു. മകരവിളക്ക് മഹോത്സവത്തിന്‍റെ ഭാഗമായി ശബരിമല നട തുറക്കുന്നതിന് അനുസരിച്ച് കാനന പാതയും തുറക്കുമെന്ന് വനപാലകർ അറിയിച്ചു. വനപാലകരുടെ കണക്കനുസരിച്ച് എരുമേലിയില്‍നിന്ന് ആരംഭിക്കുന്ന കാനനപാതയിലൂടെ ബുധനാഴ്ച വരെ 59,225 തീർഥാടകർ സന്നിധാനത്തേക്ക് നടന്നുപോയിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് യാത്ര അനുവദിച്ചിരുന്നത്.
എരുമേലിയില്‍നിന്ന് പമ്ബയിലേക്ക് മണ്ഡലകാലത്ത് കെ.എസ്.ആർ.ടി.സി നടത്തിയ സ്പെഷല്‍ സർവിസ് റെക്കോർഡ് കലക്ഷൻ നേടിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. 18 ബസുകള്‍ സർവിസ് നടത്തിയപ്പോള്‍ 1.6 കോടിയിലിധികം കലക്ഷൻ നേടാൻ കഴിഞ്ഞിട്ടുണ്ട്. മണ്ഡലകാലത്ത് ചെറുതും വലുതുമായ നിരവധി വാഹനാപകടങ്ങള്‍ തീർഥാടകപാതകളില്‍ ഉണ്ടായിട്ടുണ്ട്. സ്ഥിരമായി അപകടങ്ങള്‍ ഉണ്ടാകാറുള്ള എരുമേലി-പമ്ബ റോഡിലെ കണമല ഇറക്കത്തിലും, മുണ്ടക്കയം-എരുമേലി റോഡിലെ കണ്ണിമലയിലുമടക്കം തീർഥാടകർ എത്തുന്ന റോഡില്‍ വാഹനാപകടങ്ങള്‍ ഉണ്ടായി.
തീർഥാടകവാഹനത്തിലെ ഡ്രൈവറെ മർദിച്ചെന്നാരോപിച്ച് വാഹനത്തില്‍ ഉണ്ടായിരുന്ന അയ്യപ്പഭക്തർ റോഡ് ഉപരോധിച്ച സംഭവവും ഉണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.