ബോറോബെക്രയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്ബില്‍നിന്ന് കാണാതായ ആറ് പേർക്കായുള്ള തിരച്ചില്‍ മേല്‍നോട്ടം വഹിക്കാൻ മണിപ്പൂർ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥരെ ജിരിബാം ജില്ലയിലേക്ക് അയച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
മൂന്ന് സ്ത്രീകളെയും മൂന്ന് കുട്ടികളെയും കണ്ടെത്താനുള്ള സുരക്ഷാസേനയുടെ ശ്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും ഏകോപിപ്പിക്കാനും ഐ.ജി, ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥർ ജിരിബാമില്‍ എത്തിയതായി അവർ പറഞ്ഞു.
കാണാതായ ആറ് പേരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായി ഇംഫാല്‍ താഴ്‌വര ആസ്ഥാനമായുള്ള സിവില്‍ സൊസൈറ്റി സംഘടനകള്‍ ആരോപിച്ചു. ആറുപേരും പൊലീസ് സ്റ്റേഷൻ വളപ്പിലെ ദുരിതാശ്വാസ ക്യാമ്ബിലാണ് താമസിച്ചിരുന്നത്. ഇവരെ കണ്ടെത്തി ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച രാത്രി ഇംഫാലിലും ജിരിബാമിലും മെഴുകുതിരി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കണ്ടെത്താൻ എം.എല്‍.എ ഉള്‍പ്പെടെയുള്ള പ്രാദേശിക രാഷ്ട്രീയക്കാർ മുൻകൈയെടുക്കുന്നില്ലെന്ന് പ്രകടനക്കാർ വിമർശിച്ചു.
ആറു പേരുടെ ഫോട്ടോ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ടുവെങ്കിലും തട്ടിക്കൊണ്ടുപോയതാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ച നടന്ന ആക്രമണത്തെ തുടർന്നുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദികളെന്ന് സംശയിക്കുന്ന പത്ത് പേർ കൊല്ലപ്പെട്ടതായും പൊലീസ് പറഞ്ഞു.