മഞ്ഞ, പിങ്ക് നിറത്തിലുളളതാണോ നിങ്ങളുടെ റേഷൻ കാര്‍ഡ്; ആധാര്‍ ചേര്‍ത്താല്‍ കഞ്ഞിമുട്ടില്ല

 റേഷൻ ഗുണഭോക്താക്കളുടെ ഇ കെ വൈ സി അപ്‌ഡേഷൻ ജില്ലയില്‍ എഴുപത് ശതമാനം പൂർണ്ണം. ഇന്ന് വൈകിട്ട് റേഷൻ കട അടയ്ക്കും വരെ സൗകര്യമുണ്ടാകും.

അതേസമയം നിലവില്‍ റേഷൻ കാർഡില്‍ പേരുള്ളവർ ഇ കെ വൈ സി നടത്താതിരുന്നാല്‍ തുടർന്നുള്ള ആനുകൂല്യം ലഭിക്കാനിടയില്ലെന്ന് അധികൃതർ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ ഓരോ കാർഡുടമകള്‍ക്കും ഭക്ഷ്യധാന്യം അനുവദിക്കുക.

കഴിഞ്ഞ ഒരു വർഷത്തിനിടയില്‍ പതിനായിരത്തോളം അനർഹരായവരെ മുൻഗണനാ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. അതേസമയം അർഹരായ ആറായിരത്തോളം അനുകൂല്യം ലഭിക്കാതിരുന്നവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

എ.എ.വൈ, പി.എച്ച്‌.എച്ച്‌ (മഞ്ഞ, പിങ്ക്) റേഷൻകാർഡില്‍ ഉള്‍പ്പെട്ട എല്ലാ അംഗങ്ങളും റേഷൻകാർഡ്, ആധാർ കാർഡ് എന്നിവയുമായി റേഷൻ കടകളിലെത്തി ഇപോസ് യന്ത്രം വഴി ആധാർ അപ്‌ഡേഷൻ നടത്തണം. കിടപ്പുരോഗികള്‍, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, ആദിവാസി ഉന്നതികള്‍ എന്നിവരുടെ ഇ.കെ.വൈ.സി അപ്‌ഡേഷൻ താമസസ്ഥലങ്ങളിലെത്തി നടത്തും.

കടകളില്‍ പ്രത്യേക സൗകര്യം

നീല, വെള്ള കാർഡുടമകള്‍ക്ക് അടുത്ത ഘട്ടത്തിലാകും അപ്‌ഡേഷൻ. റേഷൻ കടകളില്‍ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയാണ് അപ്‌ഡേഷൻ നടത്തുക. 25 മുതല്‍ ആരംഭിച്ച പ്രവർത്തനം ഒരാഴ്ച്ചയ്ക്കുള്ളിലാണ് ഇത്രയും പൂർത്തിയായത്. നിലവില്‍ റേഷൻ കാർഡില്‍ ഉള്‍പ്പെട്ടവർ സ്ഥലത്തില്ലെങ്കിലും മരണപ്പെട്ടാലും ആധാറുമായി ബന്ധിപ്പിക്കാതെയായാല്‍ പുറത്താകും. ആധാറിന്റെ പകർപ്പും റേഷൻകാർഡും കൂടി നല്‍കി അക്ഷയ സെന്ററുകള്‍ മുഖേനയും ലിങ്ക് ചെയ്യാം.

നീലവെള്ള രണ്ടാംഘട്ടത്തില്‍

റേഷൻ കടകള്‍ 1157

പിങ്ക് കാർഡ് 11,75,107
മഞ്ഞ 1,69,507
നീല 9,47,263
വെള്ള 10,27,449

Leave a Reply

Your email address will not be published. Required fields are marked *