മഞ്ജുവാര്യറുടെ വീട്ടില്‍ നിന്നും നോക്കിയാലുള്ള ആ കാഴ്ച ഇന്നില്ല; 25 വർഷത്തെ മാറ്റങ്ങള്‍: വൈറല്‍ കുറിപ്പ്

മഞ്ജുവാര്യർ, മോഹന്‍ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എകെ ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു കന്മദം. ഭൂതകണ്ണാടി, കാരുണ്യം എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ എത്തിയ ലോഹിതദാസ് ചിത്രം 1998 ലെ ഹിറ്റ് ചാർട്ടില്‍ ഇടംപിടിക്കുകയും ചെയ്തു. മഞ്ജു വാര്യറുടെ അഭിനയ ജീവിതത്തില്‍ എന്നും തിളങ്ങി നില്‍ക്കുന്ന കഥാപാത്രമായിരുന്നു കന്മദത്തിലെ ഭാനു. ചിത്രത്തിന്റെ ലൊക്കേഷനും അന്ന് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മലമ്പുഴയിലെ കന്മദം ഷൂട്ട് ചെയ്ത പ്രദേശങ്ങങ്ങള്‍ വീണ്ടുമെത്തിയ സിദ്ദു പനയ്ക്കല്‍ പങ്കുവെച്ച കുറിപ്പ് വൈറലായി മാറിയിരിക്കുകയാണ്.

26 വർഷങ്ങള്‍ക്ക് ശേഷമാണ് കന്മദത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രേളർ കൂടിയായിരുന്നു സിദ്ധു ആ പഴയ ലൊക്കേഷനിലേക്ക് എത്തിയിരിക്കുന്നത്. അദ്ദേഹം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ

ഭാനു: പോവുകയാണെന്ന് അറിഞ്ഞു

വിശ്വനാഥൻ: അതെ വന്ന കാര്യങ്ങളൊക്കെ കഴിഞ്ഞു. ഇനി എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ അറിയിക്കാം ഞാൻ വരും. വീട്ടിലെ അഡ്രസ്സ് അവിടെ ചെന്നിട്ട് ഞാൻ അറിയിക്കാം.

ഭാനു: അതിന്റെ ആവശ്യമില്ല, ഇനി ഞങ്ങൾക്ക് വേണ്ടി ബുദ്ധിമുട്ടേണ്ട ഇപ്പോൾ തന്നെ നിങ്ങടെ പേരില്‍ ഞങ്ങൾ വേണ്ടാത്തതൊക്കെ കേൾക്കുന്നുണ്ട്. ദയവുചെയ്ത് ഇനി ഇങ്ങോട്ട് വരരുത്. ഞങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ. പിന്നെ എന്റെ ഏട്ടന്റെ പാസ്പോർട്ടും സാധനങ്ങളും എനിക്ക് വേണം ഇനി അതല്ലേ ബാക്കിയുള്ളൂ.

വിശ്വ: ഞാനിപ്പോ എടുത്തു തരാം.

ഭാനു: ഇപ്പോ വേണ്ട ഇപ്പോൾ അതു കണ്ടാൽ ഞാൻ പൊട്ടിപ്പോകും ഞാൻ ആരെയും അറിയിച്ചിട്ടില്ല

വിശ്വ: പോണേനു മുമ്പ് ഞാൻ പറയാം മുത്തച്ഛനോട്.

ഭാനു: വേണ്ട ഏട്ടൻ വരുമെന്നും ഒരു നല്ല കാലം ഉണ്ടാകുമെന്നും വിചാരിച്ചിരിക്കുന്നവരാ എല്ലാവരും അത് അങ്ങനെ തന്നെ ഇരുന്നോട്ടെ.

വിശ്വ: ഭാനു മാത്രം എല്ലാം മനസ്സിൽ അടക്കി പിടിച്ചു ജീവിക്കണ്ടേ.

ഭാനു: അത് സാരമില്ല അങ്ങനെ ജീവിച്ചു ജീവിച്ച് അത് ശീലായി വേലുമാമന്റെ വീട്ടിലെ തെക്കേ മുറിയില്‍ ഒരു ഓട്ടുകലവും ഉരുളിയും ഇരിക്കുന്നുണ്ട് അതിനുള്ളിൽ പൊതിഞ്ഞു വെച്ചാൽ മതി കുറച്ചു ദിവസം കഴിഞ്ഞിട്ട് മനസൊന്നു തണുക്കുമ്പോൾ ഞാൻ എടുത്തോണ്ട് വന്ന്നോളാം

വിശ്വ: പോകുമ്പോൾ യാത്ര പറയാൻ എനിക്കവിടെ വരെയൊന്ന് വരാലോ അല്ലേ.

ഭാനു: മുത്തശ്ശിയോടും രാജിയോടുമൊക്കെ വരില്ല എന്ന് പറയേണ്ട നിങ്ങൾ പോണത് അവർക്കൊക്കെ വലിയ സങ്കടാണ് വെറുതെ വിചാരിച്ചോട്ടെ ഇനിയും വരുമെന്ന്.

കന്മദം എന്ന സിനിമയിലെ ഈ സീൻ ചിത്രീകരിക്കാൻ ലോഹി സർ തിരഞ്ഞെടുത്തത് കവയിലെ മഞ്ജുവിന്റെ വീടായി ഷൂട്ട് ചെയ്ത വീടിന്റെ തൊട്ടടുത്ത് ചെറിയൊരു തോടുണ്ട്. ആ തോടിനു കുറുകെ ചാഞ്ഞു കിടക്കുന്ന ഒരു തെങ്ങും. 26 വർഷത്തിനുശേഷം ഞാൻ അവിടെ വീണ്ടും പോയി ഇന്നലെ. കന്മദത്തിന്റെ പ്രൊഡക്‌ഷൻ കൺട്രോളർ ആയിരുന്നു ഞാൻ.

മഞ്ജുവിന്റെ വീടായി ഷൂട്ട് ചെയ്ത വീടും, മാള ചേട്ടന്റെവീടായി ഷൂട്ട് ചെയ്ത വീടും അവിടെയില്ല. മഞ്ജുവിന്റെ വീട്ടിൽ നിന്ന് നോക്കിയാൽ കാണുന്ന ലാലേട്ടൻ നിൽക്കുന്ന ചെറിയ കുന്ന് ഇപ്പോൾ മഞ്ജുവിന്റെ വീട് നിന്നിരുന്ന സ്ഥലത്തു നോക്കിയാൽ കാണാനില്ല. കവുങ്ങും തെങ്ങും വളർന്ന് കാഴ്ച മറിച്ചിരിക്കുന്നു.

പക്ഷേ ഒന്ന് അവിടെ ബാക്കിയുണ്ട്. ഈ സീൻ എടുത്ത ആ തെങ്ങും ചെറിയ തോടും. അന്ന് അത് ജീവനുള്ള തെങ്ങായിരുന്നു. ഇന്നത് തല തെറിച്ച് ജീവനില്ലാതെ നിൽക്കുന്നു. ഭാനുവിന്റെയും വിശ്വനാഥന്റെയും കരസ്പർശമേറ്റ ആ തെങ്ങ്, ലോഹി സാറിന്റെ സ്റ്റാർട്ടും കട്ടും കേട്ട ആ തെങ്ങ്. ആ തെങ്ങിന്റെ ജീവനറ്റ് പോയിരിക്കുന്നു. ലോഹി സാറിനെപ്പോലെ, മാള ചേട്ടനെ പോലെ, രാമചന്ദ്ര ബാബുവേട്ടനെ പോലെ, രവീന്ദ്രൻ മാഷിനെ പോലെ, ഉഷാറാണി ചേച്ചിയെ പോലെ ഭാനുവിന്റെ മുത്തശ്ശിയെപ്പോലെ മുത്തച്ഛനെ പോലെ…..

Leave a Reply

Your email address will not be published. Required fields are marked *