പെരിയ ഇരട്ടക്കൊലപാതക കേസിലെ ശിക്ഷാവിധിയില്‍ പൂർണ തൃപ്തരല്ലെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ കുടുംബം പ്രതികരിച്ചു.
ഞങ്ങളുടെ നഷ്ടം നഷ്ടമായി അവശേഷിക്കുന്നുവെന്നും പ്രതികള്‍ക്ക് പ്രതീക്ഷിച്ച ശിക്ഷ കിട്ടിയില്ലെന്നും ശരത് ലാലിന്റെയും കൃപേഷിന്റെയും സഹോദരിമാരായ അമൃതയും കൃഷ്ണപ്രിയയും പറഞ്ഞു.
ഞങ്ങള്‍ പ്രതീക്ഷിച്ച പരമാവധി ശിക്ഷ കിട്ടിയിട്ടില്ല. ഒന്നുമുതല്‍ എട്ടു വരെയുള്ള പ്രതികള്‍ക്ക് വധശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അവരില്‍ ആ തരത്തിലുള്ള കുറ്റമാണ് ചാർത്തിയിട്ടുണ്ടായിരുന്നത്. സി.പി.എം നേതാക്കള്‍ക്ക് വളരെ കുറഞ്ഞ ശിക്ഷയാണ് ലഭിച്ചിരിക്കുന്നത്. ശിക്ഷ കഴിഞ്ഞാല്‍ പ്രതികള്‍ നാട്ടിലേക്ക് മടങ്ങിയെത്തും. അപ്പോള്‍ വീണ്ടും ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ ആവർത്തിക്കുമെന്നും അമൃത ചൂണ്ടിക്കാട്ടി.
പെരിയ കേസിലെ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10,15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചത്. ഇതു കൂടാതെ നാല് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും കോടതി വിധിച്ചിട്ടുണ്ട്.എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എൻ. ശേഷാദ്രിനാഥനാണ് കുറ്റക്കാർക്കുള്ള ശിക്ഷ വിധിച്ചത്.
2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് പെരിയ കല്യോട്ട് വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാല്‍ (24) എന്നിവർ കൊല്ലപ്പെട്ടത്. പെരുങ്കളിയാട്ടത്തിന്‍റെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്ബോള്‍ ജീപ്പിലെത്തിയ അക്രമിസംഘം ഇവരെ ഇടിച്ചുതെറിപ്പിച്ച ശേഷം വെട്ടുകയായിരുന്നു. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചശേഷമാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നെങ്കിലും കോടതി അന്വേഷണം ശരിവെക്കുകയായിരുന്നു.