മകനെ കുടുക്കാൻ കടയില്‍ കഞ്ചാവു വെച്ചയാള്‍ അറസ്റ്റില്‍

മകനെ കുടുക്കാൻ മറ്റുള്ളവരുടെ സഹായത്തോടെ മകന്റെ കടയില്‍ കഞ്ചാവു കൊണ്ടുവെച്ച പിതാവ് അറസ്റ്റില്‍.

മാനന്തവാടി ചെറ്റപ്പാലം പുത്തൻതറ വീട്ടില്‍ പി. അബൂബക്കറാണ് (67) അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബർ ആറിന് ഉച്ചക്കായിരുന്നു കേസിനാസ്പദമായ സംഭവം.

മാനന്തവാടി- മൈസൂരു റോഡില്‍ അബൂബക്കറിന്റെ മകൻ നൗഫല്‍ നടത്തുന്ന പി.എ. ബനാന എന്ന സ്ഥാപനത്തിലാണ് വെള്ളിയാഴ്ച ഉച്ചക്ക് നൗഫല്‍ പള്ളിയില്‍ പോയ സമയത്ത് കഞ്ചാവ് കൊണ്ടുവെച്ചത്. മകനോടുള്ള വൈരാഗ്യമായിരുന്നു കാരണം. കടയില്‍ കഞ്ചാവുണ്ടെന്ന രഹസ്യവിവരം എക്സൈസിനു നല്‍കിയതും അബൂബക്കർ തന്നെയായിരുന്നു.

2.095 ഗ്രാം കഞ്ചാവാണ് കടയില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. കർണാടകയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചത്. കഞ്ചാവു കൊണ്ടുവരാൻ സഹായം നല്‍കിയ ഓട്ടോ ഡ്രൈവർ പയ്യമ്ബള്ളി കൊല്ലശ്ശേരിയില്‍ വീട്ടില്‍ ജിൻസ് വർഗീസിനെ (38) സംഭവം നടന്ന് ദിവസങ്ങള്‍ക്കകം എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു.

സി.സി.ടി.വി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ നൗഫലിന്റെ നിരപരാധിത്വം എക്സൈസ് ഉദ്യോഗസ്ഥർക്കും കോടതിക്കും ബോ‌ധ്യപ്പെട്ടതിനെ തുടർന്ന് നൗഫലിനെ അറസ്റ്റുചെയ്ത അന്നുതന്നെ ജാമ്യവും നല്‍കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ അബൂബക്കർ മറ്റുള്ളവരുടെ സഹായത്തോടെ കഞ്ചാവ് കടയില്‍ കൊണ്ടുവെക്കുന്നതായി വ്യക്തമായിരുന്നു.

ഓട്ടോ ഡ്രൈവർ ജിൻസ് വർഗീസും അബ്ദുള്ള (ഔത) എന്നയാളും അബൂബക്കറിന്റെ പണിക്കാരനായ കർണാടക അന്തർസന്ധ സ്വദേശിയും ചേർന്നാണ് ഗൂഢാലോചന നടത്തി കഞ്ചാവ് കടയില്‍ കൊണ്ടുവെച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ജിൻസ് വർഗീസിനെ എക്സൈസ് അറസ്റ്റു ചെയ്തെങ്കിലും ഔത മുൻകൂർ ജാമ്യം നേടിയിരുന്നു. സംഭവത്തിലുള്‍പ്പെട്ട കർണാടക സ്വദേശിയെ ഉടൻ പിടികൂടുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അബൂബക്കറിനെ കല്‍പറ്റ എൻ.ഡി.പി.എസ് കോടതി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *