പി.ഡി.പി നേതാവ് അബ്ദുള്‍ നാസർ മഅ്ദനിയുടെ കലൂർ ദേശാഭിമാനി റോഡിലെ വീട്ടില്‍ നിന്ന് ഏഴ് പവൻ സ്വർണവും 7500 രൂപയും മോഷ്ടിച്ച കേസില്‍ സഹായിയെ എളമക്കര പൊലീസ് അറസ്റ്റ്ചെയ്തു.
വീട്ടില്‍ കഴിയുന്ന മഅ്ദനിയുടെ പിതാവിനെ ശുശ്രൂഷിക്കുന്ന തിരുവനന്തപുരം പാറശാല ധനുവച്ചപുരം കൊറ്റമം ഷഹാന മൻസിലില്‍ റംഷാദ് (23) ആണ് കുടുങ്ങിയത്. ഇയാള്‍ക്കെതിരെ തിരുവനന്തപുരത്ത് 35 കേസുണ്ട്.
കഴിഞ്ഞ ദിവസം ആഭരണങ്ങള്‍ കാണാതായതിനെ തുടർന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തപ്പോള്‍ ഇയാളുടെ മലദ്വാരത്തില്‍ ഒളിപ്പിച്ച രണ്ട് പവന്റെ കൈച്ചെയിൻ കണ്ടെടുത്തു. അവശേഷിക്കുന്നതില്‍ കുറേ സ്വർണം വില്‍ക്കാനായി കൂട്ടുകാരനെ ഏല്‍പ്പിച്ചെന്നും വെളിപ്പെടുത്തി. കൂട്ടുകാരനായി തെരച്ചില്‍ നടത്തി വരികയാണ്. മഅ്ദനി വൃക്കരോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഒരു മാസത്തോളമായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
എസ്.ഐ.മനോജ്, എ.എസ്.ഐ. മുജീബ്, സീനിയർ സി.പി.ഒ. അനീഷ്, സി.പി.ഒ.ജിനുമോൻ, വനിതാ സി.പി.ഒ. ബുഷറ എന്നിവരുള്‍പ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുന്നത്.