ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷന് കീഴിലുള്ള മംഗളൂരു സെൻട്രല്‍ റെയില്‍വേ സ്റ്റേഷൻ ഉടൻ സൗത്ത് വെസ്റ്റേണ്‍ ഡിവിഷന് കീഴില്‍ കൊണ്ടുവരാൻ ഉദ്ദേശ്യം ഇല്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ദക്ഷിണ കന്നട എം.പി ബ്രിജേഷ് ചൗട്ടയുടെ ലോക്സഭ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ പിന്നീട് നല്‍കും. കർണാടകയില്‍ റെയില്‍വേ അടിസ്ഥാന സൗകര്യങ്ങള്‍ വർധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. 2024 ഏപ്രില്‍ ഒന്ന് വരെയുള്ള കണക്കനുസരിച്ച് 21 പുതിയ റൂട്ടുകളും 10 ഇരട്ടിപ്പിക്കല്‍ പദ്ധതികളും ഉള്‍പ്പെടെ 31 പദ്ധതികള്‍ കർണാടകയിലുണ്ട്. 47,016 കോടി രൂപ ചെലവില്‍ 3840 കി.മീ. ഇതില്‍ 1302 കിലോമീറ്റർ പാത കമീഷൻ ചെയ്തു. 2024 മാർച്ച് വരെ 17,383 കോടി രൂപ ചെലവഴിച്ചു.
മംഗളൂരു -ബംഗളൂരു റൂട്ടില്‍ മംഗളൂരു -ഹാസൻ (247 കി.മീ), കുണിഗല്‍ വഴി ഹാസൻ -ചിക്കബാനാവര (166 കി.മീ) എന്നീ രണ്ട് വിഭാഗങ്ങളിലായി പാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തികള്‍ക്ക് അനുമതി നല്‍കി.
ബംഗളൂരുവിനും തുമകൂരുവിനുമിടയിലുള്ള മൂന്നാമത്തെയും നാലാമത്തെയും ലൈനുകള്‍ക്കായുള്ള സർവേ നടത്താൻ അനുമതി നല്‍കി. എന്നാല്‍, സംസ്ഥാന സർക്കാറിന്റെ ഫണ്ടിന്റെ അഭാവം തുടർനടപടികള്‍ വൈകിപ്പിക്കുന്നു. മേഖലക്ക് കാര്യമായ സാമൂഹിക -സാമ്ബത്തിക നേട്ടങ്ങള്‍ കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്യുന്ന ഈ നിർണായക പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാനവുമായുള്ള ചർച്ചകള്‍ വേഗത്തിലാക്കാൻ ചൗട്ട സർക്കാറിനോട് അഭ്യർഥിച്ചു.
ഭരണപരവും വികസനപരവുമായ നേട്ടങ്ങള്‍ക്കായി നിലവില്‍ ദക്ഷിണ റെയില്‍വേയുടെ കീഴിലുള്ള മംഗളൂരു സെൻട്രല്‍ റെയില്‍വേ റൂട്ടുകള്‍ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലാക്കാൻ നിർദേശമുണ്ടോയെന്നായിരുന്നു ചൗട്ടയുടെ ചോദ്യം. മംഗളൂരു നഗരപാതകളെ ഏകീകൃത റെയില്‍വേ സോണിന് കീഴില്‍ സംയോജിപ്പിക്കുന്നത് തീരദേശ മേഖലയുടെ സമഗ്ര വികസനത്തെ പ്രോത്സാഹിപ്പിക്കുമെന്ന് ചോദ്യ വേളയില്‍ ചൗട്ട അവകാശപ്പെട്ടു.
പാലക്കാട് ഡിവിഷന് യാത്ര, ചരക്കുനീക്കം ഇനങ്ങളില്‍ വലിയ വരുമാനം നല്‍കുന്ന മംഗളൂരു സെൻട്രല്‍ സ്റ്റേഷൻ സൗത്ത് വെസ്റ്റ് ഡിവിഷനിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ മുൻ എം.പി നളിൻ കുമാർ കട്ടീലും നടത്തിയിരുന്നു.